ബംഗളൂരു-മൈസൂരു അതിവേഗപാത രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി; വരവേറ്റ് ജനങ്ങൾ
Sunday, March 12, 2023 3:29 PM IST
ബംഗളൂരു: ബംഗളൂരു- മൈസൂരു ആറുവരി അതിവേഗ പാത രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 8480 കോടി ചെലവിട്ട് നിർമിച്ച് എക്സ്പ്രസ് വേ ബംഗളൂരു-മൈസൂരു യാത്രാ സമയം മൂന്നു മണിക്കൂറിൽനിന്ന് 75 മിനിറ്റായി ചുരുക്കും.
ഉദ്ഘാടനത്തിന് മുന്നോടിയായി മണ്ഡ്യയിൽ കൂറ്റൻ റോഡ് ഷോയും പ്രധാനമന്ത്രി നടത്തി. റോഡിന്റെ ഇരുവശങ്ങളിലും കാത്തുനിന്ന ജനങ്ങൾ പൂക്കൾ വർഷിച്ചാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. വാഹനത്തിന്റെ ഡോറിൽ നിന്ന് പ്രധാനമന്ത്രി തിരിച്ച് ജനങ്ങളെ കൈവീശി അഭിവാദ്യം ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കര്‍ണാടകയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനും ശിലാസ്ഥാപനത്തിനുമായാണ് പ്രധാനമന്ത്രി എത്തിയത്. ഏപ്രിൽ-മേയ് മാസങ്ങളിലായി നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനത്ത് ഈ വർഷം ആറാം തവണയാണ് മോദി സന്ദർശനം നടത്തുന്നത്.