ആവേശം ഗോൾരഹിതം
Thursday, March 9, 2023 10:24 PM IST
ഹൈദരാബാദ്: ഗോൾരഹിത സമനിലകൾ ശീലമാക്കിയ രണ്ട് ടീമുകൾ ഏറ്റുമുട്ടിയ ഐഎസ്എൽ സെമിഫൈനലിൽ ഫലം മറ്റൊന്നായില്ല. ഗച്ചിബൗളി സ്റ്റേഡിയത്തിൽ ഗോളില്ലാതെ പോരാടിയ ഹൈദരാബാദ് എഫ്സിയും എടികെ മോഹൻ ബഗാനും കോൽക്കത്തയിൽ നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ ഗോളുകൾ കൊണ്ട് എതിരാളിയുടെ വല നിറയ്ക്കാൻ കഠിനശ്രമം നടത്തുമെന്നുറപ്പ്.
മത്സരത്തിന്റെ 11-ാം മിനിറ്റിൽ ജോയൽ കിയാനീസെയുടെ ഗോളെന്നുറച്ച ഷോട്ട് ബഗാൻ ഗോളി വിശാൽ കെയ്ത്ത് തടഞ്ഞിട്ടത് മത്സരത്തിന്റെ ജാതകം കുറിക്കുന്ന തീരുമാനമായി.
38-ാം മിനിറ്റിൽ ബഗാന് നഷ്ടമായത് മത്സരത്തിലെ സുവർണാവസരം ആയിരുന്നു. പെനൽറ്റി ബോക്സിലേക്ക് ദിമിത്രി പെട്രാടോസ് നൽകിയ ക്രോസ് തലയിൽ സ്വീകരിച്ച സുഭാശിഷ് ബോസ്, പന്ത് പ്രീതം കോട്ടാലിന് മറിച്ച് നൽകി. മുന്നോട്ട് കയറി നിന്ന ഹൈദരാബാദ് ഗോളി ഗുർമീതിനെ മറികടന്ന് കോട്ടാൽ പന്ത് ടാപ് ചെയ്തെങ്കിലും അവീശ്വസനീയമായ രീതിയിൽ ക്രോസ് ബാറിന്റെ താഴ്വശത്ത് തട്ടിത്തെറിച്ചു.
പ്രതിരോധ താരം നൽകിയ സമ്മർദത്തിൽ കോട്ടാലിന്റെ ഷോട്ട് പിഴച്ചത് ബഗാന് തിരിച്ചടിയായി. തുടർന്നും ഇരുടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ പിറന്നില്ല.
അധികസമയത്തിന്റെ അഞ്ചാം മിനിറ്റിൽ, മത്സരത്തിന്റെ അവസാന അവസരത്തിൽ പെട്രാടോസ് മധ്യവരയിൽ നിന്നൊരു അപ്രതീക്ഷിത ലോംഗ് റേഞ്ചർ വിക്ഷേപിച്ചെങ്കിലും കൃത്യസ്ഥലത്ത് നിലയുറപ്പിച്ചിരുന്ന ഗുർമീത് 0 -0 എന്ന സ്കോർലൈനിൽ മാറ്റം വരുത്താൻ അനുവദിച്ചില്ല.