"രണ്ടാം വിവാഹ'ത്തിന് ഭീഷണി; ഷുക്കൂർ വക്കീലിന് പോലീസ് കാവൽ
Thursday, March 9, 2023 7:05 PM IST
കാസർഗോഡ്: സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം സ്വന്തം ഭാര്യയെ വീണ്ടും വിവാഹം ചെയ്ത അഭിഭാഷകനും നടനുമായി സി. ഷുക്കൂറിന്റെ വസതിക്ക് പോലീസ് കാവൽ ഏർപ്പെടുത്തി.
സാമൂഹ്യമാധ്യമങ്ങൾ വഴി ചിലർ തനിക്ക് നേരെ ഭീഷണികൾ ഉയർത്തുന്നതായി ഷുക്കൂർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് ഇദ്ദേഹത്തിന്റെ കാഞ്ഞങ്ങാട്ടെ വസതിക്ക് പോലീസ് സുരക്ഷ ഏർപ്പെടുത്തിയത്.
ഷുക്കൂറിന്റെ രണ്ടാം വിവാഹത്തിനെതിരേ ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ കൗൺസിൽ ഫോർ ഫത്വ ആൻഡ് റിസർച്ച് രംഗത്തെത്തിയിരുന്നു. ഇസ്ലാം മതാചാരപ്രകാരം വിവാഹം ചെയ്ത സ്വന്തം ഭാര്യയെ വീണ്ടും സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്ത നടപടിയിലാണ് എതിർപ്പുമായി കൗൺസിൽ രംഗത്തെത്തിയത്.
വക്കീൽ നടത്തിയത് വിവാഹ നാടകമാണെന്നായിരുന്നു കൗൺസിലിന്റെ വിമർശനം. ഇസ്ലാം മതവിശ്വാസിയെന്ന് അവകാശപ്പെടുന്നയാൾ വിവാഹം രജിസ്റ്റർ ചെയ്തത് വിരോധാഭാസമാണ്. വക്കീലിന്റെ നീക്കങ്ങളെ വിശ്വാസികൾ പ്രതിരോധിക്കുമെന്നും കുറിപ്പിൽ പറഞ്ഞിരുന്നു.
ബുധനാഴ്ച രാവിലെയാണ് കാഞ്ഞങ്ങാട് ഹോസ്ദുർഗ് സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് ഷുക്കൂറും എംജി സർവകലാശാല മുൻ പ്രൊ വൈസ് ചാൻസലറുമായ ഷീനയും സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതരായത്.