ഇന്തോനേഷ്യൻ സ്റ്റേഡിയം ദുരന്തം; രണ്ട് പേർക്ക് തടവുശിക്ഷ
Thursday, March 9, 2023 6:51 PM IST
ജക്കാർത്ത: ഇന്തോനേഷ്യയില്‍ ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ സംഘർഷത്തെത്തുടർന്ന് 174 പേർ മരിച്ച സംഭവത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് മത്സര സംഘാടകർക്ക് തടവുശിക്ഷ വിധിച്ച് കോടതി.
സംഘാടക സമിതി തലവൻ അബ്ദുൾ ഹാരിസ്, സുരക്ഷാ ജീവനക്കാരൻ സുകോ സുട്രിസ്നോ എന്നിവർക്കെതിരെയാണ് നടപടി. കൃത്യവിലോപ ആരോപണം നേരിട്ട ഇരുവരും ഒന്നര വർഷം തടവുശിക്ഷ അനുഭവിക്കണമെന്ന് കോടതി അറിയിച്ചു. ശിക്ഷയ്ക്കെതിരെ അപ്പീൽ നൽകുമെന്ന് കുറ്റാരോപിതർ അറിയിച്ചു.
കിഴക്കൻ ജാവയിലെ മലംഗിൽ ഫുട്ബോൾ സ്റ്റേഡിയത്തിൽ 2022 ഒക്ടോബറിലാണ് അപകടം സംഭവിച്ചത്. അരേമ എഫ്സിയും പെർസെബയ സുരബായയും തമ്മിലുള്ള മത്സരത്തിന് ശേഷം കാണികൾ കലാപം അഴിച്ചുവിടുകയായിരുന്നു.
മത്സരത്തിൽ തോറ്റ അരേമ എഫ്സിയുടെ ആരാധകരുടെ രോഷപ്രകടനമാണ് കുഴപ്പം സൃഷ്ടിച്ചത്. മല്‍സരശേഷം മൈതാനത്തേക്ക് ഇരച്ചുകയറിയ കാണികളെ ഒഴിപ്പിക്കാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഇതിനിടെയാണ് ആളുകള്‍ തിക്കിലും തിരക്കിലും പെട്ടത്.
ഫൈനൽ വിസിൽ മുഴങ്ങിയതും കാണികൾ മൈതാനത്തേക്ക് ഇരച്ചുകയറുകയായിരുന്നു. മരിച്ചവരിൽ രണ്ട് പോലീസുകാരും ഉൾപ്പെടുന്നു. 34 പേർ മൈതാനത്തു തന്നെ മരിച്ചുവീണു. മറ്റുള്ളവർ ആശുപത്രിയിൽ എത്തിയ ശേഷമാണ് മരിച്ചത്. ഒരു വാതിലിലൂടെ തന്നെ പുറത്തിറങ്ങാൻ ആളുകൾ തിക്കിത്തിരക്കിയതാണ് അപകടത്തിനു കാരണമായത്.