തീപിടിത്തം ഉണ്ടായതെങ്ങനെയെന്ന നിഗമനത്തിലേക്ക് പോകുന്നില്ല, പ്രഥമ പരിഗണന തീയണയ്ക്കാന്‍: മന്ത്രി രാജീവ്
Thursday, March 9, 2023 12:18 PM IST
കൊച്ചി: ഇന്നത്തോടെ ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീ പൂര്‍ണമായും അണയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യവസായ മന്ത്രി പി.രാജീവ്. നിലവില്‍ സാഹചര്യം നിയന്ത്രണവിധേയമാണെന്നും മന്ത്രി പറഞ്ഞു.
രാവിലെ കൊച്ചിയിലെ ജനപ്രതിനിധികളുടെ യോഗം വിളിച്ചു. കളക്ടറും കമ്മീഷണറും കോര്പറേഷന് സെക്രട്ടറിയുമായും പ്രശ്നം ചര്‍ച്ച ചെയ്തു . ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തെന്നും മന്ത്രി പറഞ്ഞു.
ഏറെക്കാലമായി കോര്പറേഷന് മാലിന്യം സംഭരിക്കുന്ന രീതി പുനഃപരിശോധിക്കും. മറ്റ് സ്ഥലങ്ങളിലുള്ളതുപോലെ ഹരിതകര്‍മ്മസേനകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും.
ഉറവിടമാലിന്യ സംസ്കരണം സാധ്യമാണെന്ന് മന്ത്രി പറഞ്ഞു. ശേഖരിക്കുന്ന ഘട്ടത്തില്‍തന്നെ മാലിന്യം വേര്‍തിരിക്കാന്‍ കഴിയണമെന്നത് പ്രധാനമാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
കരാര്‍ കമ്പനിക്കെതിരെ പരിശോധന നടക്കുന്നുണ്ട്. എന്നാല്‍ തീപിടിത്തം ഉണ്ടായതെങ്ങനെയെന്ന നിഗമനത്തിലേക്ക് പോകുന്നില്ല. തീ അണയ്ക്കാനാണ് പ്രഥമ പരിഗണനയെന്നും മന്ത്രി പറഞ്ഞു.
നേരത്തെ യുഡിഎഫ് ഭരിക്കുമ്പോഴും തീപിടിത്തമുണ്ടായിട്ടുണ്ടെന്നും പ്രതിപക്ഷ ആരോപണങ്ങളോട് മന്ത്രി പ്രതികരിച്ചു.