"രണ്ടാം വിവാഹം': ഷുക്കൂർ വക്കീലിനെതിരേ ഫത്വ കൗൺസിൽ
Wednesday, March 8, 2023 7:52 PM IST
കോഴിക്കോട്: സിനിമാ താരവും അഭിഭാഷകനുമായ പി. ഷുക്കൂറിന്റെ രണ്ടാം വിവാഹത്തിനെതിരേ ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ കൗൺസിൽ ഫോർ ഫത്വ ആൻഡ് റിസർച്ച്.
ഇസ്ലാം മതാചാരപ്രകാരം വിവാഹം ചെയ്ത സ്വന്തം ഭാര്യയെ വീണ്ടും സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്ത നടപടിയിലാണ് എതിർപ്പുമായി കൗൺസിൽ രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെ ഷുക്കൂർ തന്നെയാണ് കൗൺസിലിന്റെ കുറിപ്പ് പങ്കുവച്ചത്.
വക്കീൽ നടത്തിയത് വിവാഹ നാടകമാണെന്നാണ് കൗൺസിലിന്റെ വിമർശനം. ഇസ്ലാം മതവിശ്വാസിയെന്ന് അവകാശപ്പെടുന്നയാൾ വിവാഹം രജിസ്റ്റർ ചെയ്തത് വിരോധാഭാസമാണ്. വക്കീലിന്റെ നീക്കങ്ങളെ വിശ്വാസികൾ പ്രതിരോധിക്കുമെന്നും കുറിപ്പിൽ പറയുന്നു.
മരണാനന്തരം മുഴുവൻ സമ്പാദ്യങ്ങളും തന്റെ മൂന്ന് പെണ്മക്കൾക്ക് മാത്രം ലഭിക്കാനാണ് വക്കീൽ ഈ വിവാഹ നാടകം നടത്താനിരിക്കുന്നത്. ഇസ്ലാമിക നിയമങ്ങൾ ജീവിതത്തിൽ മുറപോലെ കൊണ്ടുനടക്കുന്നുവെന്ന് സ്വയം പ്രഖ്യാപിക്കുന്ന വ്യക്തി, സ്പെഷൽ മാര്യേജ് ആക്ട് അനുസരിച്ചാണ് രണ്ടാം വിവാഹം നടത്തുന്നത് എന്നത് വിരോധാഭാസമാണ്.
ഇസ്ലാമിലെ അനന്തരാവകാശ നിയമമനുസരിച്ച് മരണപ്പെട്ട പിതാവിന് പെൺമക്കൾ മാത്രമാണെങ്കിൽ സ്വത്തിന്റെ മൂന്നിൽ രണ്ട് ഭാഗമേ ലഭിക്കൂ. ശേഷിക്കുന്നത് പിതാവിന്റെ സഹോദരി സഹോദരന്മാർക്കിടയിൽ വിഭജിക്കണം. ഈ വ്യവസ്ഥ മറികടക്കാനും സ്വത്തിൽ നിന്ന് ഒരംശം പോലും തന്റെ സഹോദരന്മാർക്ക് ലഭിക്കരുതെന്ന സങ്കുചിത ചിന്തയുമാണ് വക്കീലിനെ പുതിയ വിവാഹത്തിന് നിര്ബന്ധിക്കുന്നതെന്നും കൗൺസിൽ കുറ്റപ്പെടുത്തി.
ഇന്ന് രാവിലെയാണ് കാഞ്ഞങ്ങാട് ഹോസ്ദുർഗ് സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് ഷുക്കൂറും എംജി സർവകലാശാല മുൻ പ്രൊ വൈസ് ചാൻസലറുമായ ഷീനയും സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതരായത്.