തലസ്ഥാനം ഭക്തിസാന്ദ്രം; പൊങ്കാലയിട്ട് ഭക്തർ
വൈ.എസ്. ജയകുമാർ
Tuesday, March 7, 2023 3:50 PM IST
തിരുവനന്തപുരം: ദേവീസ്തുതികളാൽ മുഖരിതമായിരുന്നു ആറ്റുകാൽ ക്ഷേത്രവും പരിസരവും. പാതയോരങ്ങളിലെങ്ങും പൊങ്കാലക്കാർ മാത്രം. വ്രതം നോറ്റ് അടുപ്പുകൂട്ടി കാത്തിരുന്നവർക്ക് ആനന്ദമേകി ആറ്റുകാൽ ക്ഷേത്ര മുറ്റത്തെ പണ്ടാര അടുപ്പിൽ തീ പകർന്നതിന്റെ വിളംബരമായി ചെണ്ടമേളവും കതിനാവെടികളും ഉയർന്നു. ഇതോടെ കാത്തിരുന്ന ഭക്തലക്ഷങ്ങൾ പൊങ്കാല അടുപ്പിലേക്കു തീപകർന്നു.
ഇന്ന് രാവിലെ 10ന് പുണ്യാഹം തളിച്ചതോടെയാണ് പൊങ്കാല ചടങ്ങുകൾക്കു തുടക്കം കുറിച്ചത്. ക്ഷേത്രത്തിനു മുന്നിലെ പാട്ടുപുരയിൽ തോറ്റംപാട്ടുകാർ ഇളങ്കോ അടികളുടെ ചിലപ്പതികാരം മഹാകാവ്യത്തിലെ കണ്ണകീചരിതം കാപ്പുകെട്ടിയ നാൾ മുതൽ പാടിതുടങ്ങിയതാണ്.
രൗദ്രഭാവം പൂണ്ട കണ്ണകിപാണ്ഡ്യ രാജാവിനെ വധിച്ചശേഷം മധുരാനഗരം ചുട്ടെരിക്കുന്ന ഭാഗം ഇന്ന് പാട്ടുകാർ പാടി നിർത്തി. ഇതോടെ മേളവും ആരവങ്ങളും നിലച്ച് ക്ഷേത്രാന്തരീക്ഷം നിശബ്ദതയിലമർന്നു. എല്ലാ കണ്ണുകളും ക്ഷേത്രത്തിലേക്കായി. ക്ഷേത്രത്തിനുള്ളിൽ ചടങ്ങുകൾക്കു തുടക്കമായി.
തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് മേൽശാന്തി പി. കേശവൻ നന്പൂതിരിക്കു കൈമാറി. മേൽശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീ പകർന്നു.
തുടർന്ന് അതേ ദീപം സഹമേൽശാന്തിക്ക് കൈമാറി. അദ്ദേഹം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുൻവശത്തെ പണ്ടാര അടുപ്പിലും തീ കത്തിച്ചു. ഇതോടെ ദേവീ സ്തുതികളുമായി ക്ഷേത്രാന്തരീക്ഷം ഉണർന്നു.
പണ്ടാര അടുപ്പിൽ തീ പകർന്നതിന്റെ വിളംബരമായി ചെണ്ടമേളവും കതിനാവെടികളും ഉയർന്നുപൊങ്ങി. പണ്ടാര അടുപ്പിൽ തീ പകർന്നത് അറിയിച്ച് ഉച്ചഭാഷിണിയിലൂടെ അറിയിപ്പ് ഉയർന്നു. മിനിട്ടുകൾക്കകം ക്ഷേത്രപരിസരത്തേയും നഗരത്തിലേയും ലക്ഷക്കണക്കിന് പൊങ്കാല അടുപ്പുകളിൽ തീ തെളിഞ്ഞു.
പിന്നാലെ ക്ഷേത്രപരിസരവും നഗരവും പൊങ്കാല അടുപ്പിൽ നിന്നുള്ള പുകയിൽ അമർന്നു. തുടർന്ന് പൊങ്കാല തിളയ്ക്കാനുള്ള കാത്തിരിപ്പായി. പൊങ്കാല തിളച്ചുമറിഞ്ഞതോടെ ഭക്തർ വായ്ക്കുരവയിട്ടു. പൊങ്കാലയ്ക്കൊപ്പം മണ്ടപ്പുറ്റ്, തിരളി എന്നിവയും ഭക്തർ പാകം ചെയ്തു.
ഉച്ചയ്ക്ക് 2.30ന് ക്ഷേത്രത്തിൽ ഉച്ചപൂജ തുടങ്ങി. തുടർന്ന് സഹപൂജാരിമാരെത്തി കവുങ്ങിൻപൂങ്കുലയിൽ പുണ്യജലം പൊങ്കാല കലങ്ങളിൽ തളിച്ച് നിവേദിച്ചു. ഇതോടെ പൊങ്കാലയിട്ട സാഫല്യവുമായി ഭക്തലക്ഷങ്ങൾ മടക്കയാത്ര തുടങ്ങി.
ഇന്നു പുലർച്ചെ മുതൽ താലപ്പൊലി വരവ് തുടങ്ങിയിരുന്നു. ബാലികമാരെ അണിയിച്ചൊരുക്കി കിരീടം ചൂടി പൂത്താലവുമേന്തി ദേവീ സന്നിധിയിലെത്തി താലത്തിലെ പൂവ് പൊലിച്ച് അവർ മടങ്ങി. രാത്രിയോളം താലപ്പൊലി വരവ് തുടരും.