അന്വേഷണത്തെ എന്തിന് ഭയപ്പെടുന്നു?; വഞ്ചനാക്കേസില്‍ സൈബി ജോസിനെതിരെ ഹൈക്കോടതി
Tuesday, March 7, 2023 1:11 PM IST
കൊച്ചി: കേസില്‍ നിന്ന് പിന്മാറാമെന്ന് പറഞ്ഞ് അഞ്ച് ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന കേസിലെ അന്വേഷണത്തില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അഡ്വ. സൈബി ജോസിനോട് ഹൈക്കോടതി. അന്വേഷണത്തെ എന്തിന് ഭയപ്പെടുന്നെന്ന് കോടതി ചോദിച്ചു.
വഞ്ചനാക്കേസിലെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സൈബി നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. അറസ്റ്റ് ഭയപ്പെടുന്നെങ്കില്‍ അതിനെ നേരിടാന്‍ നിയമത്തിന്റെ വഴിയിലൂടെ ശ്രമിക്കണമെന്ന് കോടതി പറഞ്ഞു. ഹര്‍ജി ഈ മാസം 21ന് വീണ്ടും പരിഗണിക്കും.
ചേരാനല്ലൂര്‍ പോലീസാണ് സൈബി ജോസിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒരു കേസില്‍ നിന്ന് പിന്മാറാമെന്ന് പറഞ്ഞ് അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട് ദമ്പതികള്‍ തമ്മിലുള്ള കേസില്‍ ഭാര്യയുടെ അഭിഭാഷകനായിരുന്നു സൈബി.
കേസില്‍ നിന്ന് പിന്മാറാമെന്ന് വാഗ്ദാനം ചെയ്ത് ഭര്‍ത്താവില്‍നിന്ന് പണം വാങ്ങിയെന്നാണ് പരാതി. കേസുമായി മുന്നോട്ട് പോയാലുണ്ടാകുന്ന നടപടികള്‍ പറഞ്ഞ് ഇയാളെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.
പണം വാങ്ങിയ ശേഷം ആലുവ കോടതിയിലെ കേസ് പിന്‍വലിച്ചെങ്കിലും കുടുംബ കോടതിയിലെ കേസ് പിന്‍വലിച്ചില്ല. ഇതോടെയാണ് ഇയാള്‍ പോലീസില്‍ പരാതി നല്‍കിയത്.