സെക്സ് ചാറ്റ്, ഗ്രീഷ്മ ലൈംഗികബന്ധത്തിനു വിളിച്ചു; ഷാരോൺ വധക്കേസിൽ കുറ്റപത്രം
Monday, March 6, 2023 6:06 PM IST
തിരുവനന്തപുരം: ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ചതിച്ചെന്നും താൻ മരിച്ചുപോകുമെന്നും കാമുകനായ ഷാരോണ്‍ രാജ് ഐസിയുവിൽവച്ച് ബന്ധുവിനോട് കരഞ്ഞു പറഞ്ഞതായി കുറ്റപത്രം. ജ്യൂസിൽ കീടനാശിനി കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ നെയ്യാറ്റിൻകര ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ജില്ലാ ക്രൈംബ്രാഞ്ച് സമർപിച്ച കുറ്റപത്രത്തിലാണ് പരാമർശം.
ഗ്രീഷ്മയും ഷാരോണും പലതവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഷാരോണിനു കീടനാശിനി കലർത്തിയ കഷായം നൽകിയ ദിവസം ലൈംഗികമായി ബന്ധപ്പെടുവാനായി വീട്ടിലേക്കു വരാൻ ഗ്രീഷ്മ തുടർച്ചയായി നിർബന്ധിച്ചതായും കുറ്റപത്രത്തിൽ പറയുന്നു.
13ന് രാത്രി ഒരു മണിക്കൂർ ഇരുവരും ലൈംഗികമായ കാര്യങ്ങൾ സംസാരിച്ചു. 2022 ഒക്ടോബർ 14ന് രാവിലെ ശാരീരിക ബന്ധത്തിലേർപ്പെടാമെന്ന് പലതവണ നിർബന്ധിച്ചതിനാലാണ് വീട്ടിൽ പോയതെന്നാണ് ഷാരോൺ ബന്ധുവിനോട് പറഞ്ഞത്.
2021 ഒക്ടോബർ മുതലാണ് ഷാരോണ്‍രാജും ഗ്രീഷ്മയും പ്രണയത്തിലായതെന്നു കുറ്റപത്രത്തിൽ പറയുന്നു. 2022 മാർച്ച് നാലിനു പട്ടാളത്തിൽ ജോലിയുള്ള ആളുമായി വിവാഹം നിശ്ചയിച്ചതിനെ തുടർന്ന് ഇരുവരും പിണങ്ങി.
2022 മേയ് മാസം മുതൽ വീണ്ടും ഷാരോണുമായി അടുപ്പത്തിലായി. നവംബർ മാസത്തിൽ ഷാരോണിന്റെ വീട്ടിൽവച്ച് ഇരുവരും താലികെട്ടി. പിന്നീട് വെട്ടുകാട് പള്ളിയിൽവച്ചും താലികെട്ടി.
തൃപ്പരപ്പിലുള്ള ഹോട്ടലിൽ മുറിയെടുത്ത് ഇരുവരും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായും കുറ്റപത്രത്തിൽ പറയുന്നു. അമ്മയ്ക്ക് കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. അമ്മാവനായിരുന്നു തെളിവുകൾ നശിപ്പിക്കാൻ ഗ്രീഷ്മയെ സഹായിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.