ഡോക്ടറെ മർദിച്ച സംഭവം; രണ്ട് പ്രതികൾ കീഴടങ്ങി
Sunday, March 5, 2023 10:14 PM IST
കോഴിക്കോട്: ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ മർദിച്ച സംഭവത്തിലെ പ്രതികളായ രണ്ട് പേർ പോലീസിൽ കീഴടങ്ങി. കുന്ദമംഗലം സ്വദേശികളായ മുഹമ്മദ് അലി, സഹീർ ഫാസിൽ എന്നിവരാണ് കീഴടങ്ങിയത്.
വൈകിട്ട് ആറിന് നടക്കാവ് പോലീസ് സ്റ്റേഷനിലെത്തിയാണ് ഇവർ കീഴടങ്ങിയത്. സംഭവത്തിൽ ആറ്പേർക്കെതിരെയാണ് കേസെടുത്തത്. മനപ്പൂർവമുള്ള നരഹത്യാശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഹൃദ്രോഗ വിദഗ്ധനായ ഡോ. പി.കെ.അശോകനെയാണ് പ്രതികൾ മർദിച്ചത്. കുന്ദമംഗലം സ്വദേശിയായ യുവതിയുടെ കുഞ്ഞ് പ്രസവത്തെത്തുടർന്ന് കഴിഞ്ഞാഴ്ച മരിച്ചിരുന്നു. അണുബാധയെ തുടർന്ന് യുവതി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയായിരുന്നു. ശനിയാഴ്ച രാത്രി സിടി സ്കാൻ റിപ്പോർട്ട് വൈകിയെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ നഴ്സിംഗ് സ്റ്റേഷൻ ആക്രമിച്ചിരുന്നു.
ഇത് തടയാനെത്തിയപ്പോഴാണ് ഡോ. അശോകന് മർദനമേറ്റത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ചികിത്സയിലാണ്.