കുട്ടികളുടെ സർവതോന്മുഖ വികസനം ലക്ഷ്യമിടുന്നതാകും പാഠ്യപദ്ധതി പരിഷ്കരണം: മുഖ്യമന്ത്രി
Thursday, March 2, 2023 10:55 PM IST
തിരുവനന്തപുരം: മാറിയ കാലത്തിനനുസരിച്ച് ഉത്പാദനോന്മുഖമായ സമൂഹത്തെ സൃഷ്ടിക്കുന്നതിനു കുട്ടികളുടെ സർവതോന്മുഖമായ വികസനം അനിവാര്യമാണെന്നും ഈ ലക്ഷ്യത്തോടെയാണു പാഠ്യപദ്ധതി പരിഷ്കരണം നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
ഒരു വൈജ്ഞാനിക നൂതനത്വ സമൂഹമായി കേരളത്തെ പരിവർത്തിപ്പിക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. അതിൽ വിദ്യാലയങ്ങൾക്കുള്ള പങ്കു വലുതാണ്. വിജ്ഞാന വിതരണം ക്ലാസ് മുറികളിൽ മാത്രം ഒതുങ്ങിനിന്നാൽ പോര. ലോക വൈജ്ഞാനിക ശൃംഖലയുമായി വിദ്യാർഥികളെ ബന്ധിപ്പിക്കണം. ഇതിന് അധ്യാപകർ മുൻകൈയെടുക്കണം.
പുതിയ തലമുറയുടെ ജീവിതാനുഭവങ്ങൾ തിരിച്ചറിഞ്ഞ് അതിനു ചേരുന്ന വിധത്തിൽ അധ്യാപനം നടത്താൻ കഴിയണം. നൂതന വിഷയങ്ങൾക്കൊപ്പം ചരിത്രബോധവും കുട്ടികൾക്കു പകർന്നു നൽകണം.
സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മുൻഗണനയാണു കഴിഞ്ഞ സർക്കാർ നൽകിയതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.