നാഗാലാൻഡിനു രണ്ട് വനിത എംഎൽഎമാർ, ഇത് പുതു ചരിത്രം
Thursday, March 2, 2023 6:37 PM IST
കൊഹിമ: നാഗാലാൻഡിൽ ചരിത്രത്തിലാദ്യമായി രണ്ട് വനിതകൾ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1963ൽ നാഗാലാൻഡ് സംസ്ഥാനമായതിനുശേഷം ഇതാദ്യമായാണ് രണ്ട് വനിതകൾ നിയമസഭയിലേക്ക് എത്തുന്നത്.
ദിമാപുർ മൂന്ന് മണ്ഡലത്തിൽനിന്നും ഹെകാനി ജഖാലുവും വെസ്റ്റേണ്‍ അംഗമി മണ്ഡലത്തിൽനിന്ന് സൽഹൗതുവോനൗ ക്രൂസുമാണ് വിജയിച്ചത്. ഇരുവരും എൻഡിപിപിയുടെ സ്ഥാനാർഥികളായിരുന്നു.
ഏഴ് വോട്ടുകൾക്കായിരുന്നു സൽഹൗതുവോനൗവിന്റെ വിജയം. സ്വതന്ത്ര സ്ഥാനാർഥിയായ കെനീസാഖോ നഖ്രോ 7071 വോട്ടുകൾ നേടിയപ്പോൾ സൽഹൗതുവോനുവോ 7078 വോട്ടുകൾ നേടി.
നാരി ശക്തി അവാർഡ് ജേതാവായ ജഖാലു 1,536 വോട്ടുകൾക്കാണ് വിജയം നുകർന്നത്. ലോക് ജനശക്തി പാർട്ടി (രാം വിലാസ്) സ്ഥാനാർഥി അഷെറ്റോ ഷിമോമിയെ 12,705 വോട്ടുകൾ നേടിയപ്പോൾ ജഖാലു 14,241 വോട്ടുകൾ നേടി.
അതേസമയം വിദ്യാഭ്യാസത്തിലും സംവരണത്തിലും സ്ത്രീകൾ നാഗാലാൻഡിൽ മുൻപന്തിയിലുണ്ടെങ്കിലും തെരെഞ്ഞെടുപ്പ് വരുന്പോൾ സ്ത്രീകളെ തഴയുന്നു എന്നതാണ് സംസ്ഥാനത്തെ പതിവ് രീതി.
എൻഡിപിപി രണ്ടു സീറ്റുകളിലാണ് വനിതകളെ മത്സരിപ്പിച്ചിരിക്കുന്നത്. ബിജെപിയും കോൺഗ്രസും ഓരോ വനിതാ സ്ഥാനാർഥികളെയാണ് മത്സരിപ്പിച്ചിരിക്കുന്നത്.
2017ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 33ശതമാനം സംവരണം സ്ത്രീകൾക്കായി ഏർപ്പെടുത്തിയപ്പോൾ സംസ്ഥാനത്ത് വലിയ ക്രമസമാധന പ്രശ്നങ്ങളാണ് ഉണ്ടായത്. സ്ത്രീകളെ അധികാരത്തിലെത്തിച്ചാൽ ഗോത്രവികാരം വ്രണപ്പെടുമെന്നാണ് പലരും കരുതുന്നത്. അതിനാലാണ് സ്ത്രീ പ്രാതിനിധ്യം രാഷ്ട്രീയപാർട്ടികളും സഖ്യകക്ഷികളും ഇല്ലാതാക്കുന്നത്.