റഫറൽ രോഗികളുടെ എണ്ണം ആനുപാതികമായി കുറയണം: മന്ത്രി വീണാ ജോർജ്
Wednesday, March 1, 2023 5:12 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ, സ്വകാര്യ മെഡിക്കൽ കോളജുകളിലെ പിജി ഡോക്ടർമാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് ലഭ്യമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. വിവിധ മെഡിക്കൽ കോളജുകളിൽ നിന്നും 1382 പിജി ഡോക്ടർമാരാണ് മറ്റാശുപത്രിയിലേക്ക് പോകുന്നത്. അതനുസരിച്ച് പെരിഫറൽ ആശുപത്രികളിൽ നിന്നും റഫറൽ ചെയ്യുന്ന രോഗികളുടെ എണ്ണം ആനുപാതികമായി കുറയണമെന്നും മന്ത്രി പറഞ്ഞു.
ചുറ്റുമുള്ള അനുഭവങ്ങളിലൂടെയും ആശുപത്രി അന്തരീക്ഷത്തിലൂടെയുമെല്ലാം പ്രഫഷണൽ രംഗത്ത് കൂടുതൽ മികവാർന്ന പ്രവർത്തനം നടത്താൻ പിജി വിദ്യാർഥികൾക്ക് സാധിക്കും. സാധാരണക്കാരായ രോഗികൾക്ക് സഹായകരമായ രീതിയിൽ എല്ലാവരും സേവനം നൽകണമെന്നും മന്ത്രി അഭ്യർഥിച്ചു.
രണ്ട് പതിറ്റാണ്ടുകളായി ആലോചിച്ചിരുന്ന കാര്യമാണ് ഈ സർക്കാർ യാഥാർഥ്യമാക്കിയത്. മെഡിക്കൽ കോളജുകളിലെ രണ്ടാം വർഷ പിജി ഡോക്ടർമാരെ താലൂക്ക്, ജില്ല, ജനറൽ ആശുപത്രികളിലേക്കാണ് നിയമിച്ചത്.
മൂന്ന് മാസം വീതമുള്ള നാല് ഗ്രൂപ്പുകളായിട്ടാണ് ഇവരുടെ സേവനം ലഭ്യമാകുന്നത്. 100 കിടക്കകൾക്ക് മുകളിൽ വരുന്ന താലൂക്കുതല ആശുപത്രികൾ മുതലുള്ള 78 ആശുപത്രികളിലാണ് ഇവരെ നിയമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.