മാർച്ച് ഒന്നു മുതൽ പിജി ഡോക്ടർമാരുടെ സേവനം ഗ്രാമീണ മേഖലയിലും: മന്ത്രി വീണാ ജോർജ്
Monday, February 27, 2023 10:27 PM IST
തിരുവനന്തപുരം: മാർച്ച് ഒന്നു മുതൽ സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ മേഖലയിലെ പിജി ഡോക്ടർമാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളജുകളിലെ രണ്ടാം വർഷ പിജി ഡോക്ടർമാരെ താലൂക്ക്, ജില്ല, ജനറൽ ആശുപത്രികളിലേക്കാണ് നിയമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
നാഷണൽ മെഡിക്കൽ കമ്മീഷന്റെ നിബന്ധനയനുസരിച്ച് പിജി വിദ്യാർഥികളുടെ ട്രെയിനിംഗിന്റെ ഭാഗമായി ജില്ലാ റെസിഡൻസി പ്രോഗ്രാമനുസരിച്ചാണ് ഇവരെ വിന്യസിക്കുന്നത്. താലൂക്ക് തലം മുതലുള്ള ആശുപത്രികളിൽ മെഡിക്കൽ കോളജുകളിലെ സ്പെഷാലിറ്റി വിഭാഗങ്ങളിലെ പിജി ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്നതോടെ ആ ആശുപത്രികൾക്ക് സഹായകരമാകും.
മെഡിക്കൽ കോളജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനും മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും റഫറൽ, ബാക്ക് റഫറൽ സംവിധാനങ്ങൾ നടപ്പിലാക്കാൻ നടപടി സ്വീകരിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.