ചിന്തക്കെതിരേ പരാതി: യൂത്ത് കോൺഗ്രസ് നേതാവിന് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി
Monday, February 27, 2023 5:33 PM IST
കൊച്ചി: സംസ്ഥാന യുവജന കമ്മീഷന് അധ്യക്ഷ ചിന്ത ജെറോമിനെതിരേ പരാതി നൽകിയ യൂത്ത് കോൺഗ്രസ് നേതാവിന് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു സുനിൽ പന്തളത്തിന് സംരക്ഷണം നൽകാനാണ് കോടതി പോലീസിന് നിർദേശം നൽകിയത്.
കൊല്ലം ജില്ലാ പോലീസ് മേധാവി, കൊട്ടിയം എസ്എച്ച്ഒ, കൊല്ലം വെസ്റ്റ് പോലീസ് എന്നിവർക്കാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. ചിന്ത ജെറോമിനെതിരേ വിജിലൻസിൽ പരാതി നൽകിയതിനെത്തുടർന്ന് തനിക്ക് വധഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം വേണമെന്നും വ്യക്തമാക്കി വിഷ്ണു കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
ചിന്ത രണ്ടു വർഷത്തോളം കൊല്ലത്തെ റിസോർട്ടിൽ താമസിച്ച സംഭവത്തിൽ ഇവരുടെ വരുമാനത്തെക്കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിഷ്ണു വിജിലൻസിൽ പരാതി നൽകിയിരുന്നു.
കഴിഞ്ഞ ദിവസം മന്ത്രി പി.രാജീവിന് നേരെ കരിങ്കൊടി പ്രതിഷേധത്തിനെത്തിയ വിഷ്ണുവിനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചിരുന്നു.