അബുൽ കലാം ആസാദിനെ ഒഴിവാക്കി; കോൺഗ്രസ് പ്ലീനറി സമ്മേളന പരസ്യം വിവാദത്തിൽ
Monday, February 27, 2023 4:43 PM IST
ന്യൂഡൽഹി: കോൺഗ്രസ് പ്ലീനറി സമ്മേളന പരസ്യത്തിൽ നിന്ന് മൗലാന അബുൽ കലാം ആസാദിനെ ഒഴിവാക്കിയതിൽ പ്രതിഷേധം ശക്തമാവുന്നു. പരസ്യത്തിൽ നിന്ന് ആസാദ് ഉൾപ്പെടെയുള്ള മുസ്‌ലിം സ്വാതന്ത്ര്യസമര സേനാനികളെ പാർട്ടി ഒഴിവാക്കിയത് ശരിയായില്ലെന്ന് ആരോപിച്ച് കോൺഗ്രസ് എംപി മനീഷ് തിവാരി തന്നെ രംഗത്ത് എത്തിയതോടെയാണ് വിവാദത്തിന് തുടക്കമായത്.
കോൺഗ്രസ് മുൻ നേതാവ് ഗുലാം നബി ആസാദും തിവാരിയുടെ ആരോപണം ശരിവച്ചതോടെ വിവാദം കടുത്തു. എന്നാൽ ഗുലാം നബിയുടെ വാദങ്ങളെ തള്ളി കോൺഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തി. പ്ലീനറി വേദിയിലെ അബുൽ കലാം ആസാദിന്റെ ചിത്രം ട്വീറ്റ് ചെയ്താണ് ജയറാം രമേശ് വിവാദങ്ങൾക്ക് മറുപടി നൽകിയത്.
ഗുലാം നബി ആസാദിനെ പോലെ കോൺഗ്രസിനെ വഞ്ചിച്ച നേതാവ് അല്ല അബുൽ കലാം ആസാദ് എന്നും ട്വീറ്ററിൽ ജയറാം കുറിച്ചു.