കാപ്പികോ റിസോർട്ട് പൊളിക്കൽ വേഗത്തിലാക്കാൻ സർക്കാർ നിർദേശം
Friday, February 24, 2023 12:15 PM IST
ആലപ്പുഴ: അനധികൃത നിർമാണം നടത്തിയ പാണാവള്ളി കാപ്പികോ റിസോർട്ട് പൊളിക്കൽ നടപടികൾ വേഗത്തിലാക്കാൻ സർക്കാർ നിർദേശം. നിർദേശത്തെത്തുടർന്ന് കളക്ടർ വി.ആർ. കൃഷ്ണതേജ ഇന്ന് സ്ഥലം സന്ദർശിക്കും. അടുത്ത മാസം 15ന് മുൻപ് പൊളിക്കൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം.
നേരത്തെ, കാപ്പികോ റിസോർട്ട് പൊളിക്കൽ പൂർത്തിയാകാത്തതിൽ സംസ്ഥാന സർക്കാരിനെ സുപ്രീം കോടതി കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ഉത്തരവ് വന്ന് വർഷങ്ങളായിട്ടും നടപടികൾ പൂർത്തിയാകാത്തതിലാണ് കോടതി അതൃപ്തി അറിയിച്ചത്.
മാർച്ച് 28ന് മുൻപ് നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരേ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കുമെന്ന് ജസ്റ്റീസ് സുധാൻഷു ധൂലിയ അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നൽകിയിരുന്നു.