യൂറോപ്പ ലീഗ്: മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീക്വാർട്ടറിൽ; ബാഴ്സ പുറത്ത്
Friday, February 24, 2023 7:48 AM IST
മാഞ്ചസ്റ്റർ: സ്പാനിഷ് ക്ലബ് ബാഴ്സലോണയെ തോൽപ്പിച്ച് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗിന്റെ പ്രീക്വാർട്ടറിൽ കടന്നു. ഓൾഡ് ട്രാഫോർഡിൽ നടന്ന രണ്ടാം പാദത്തിൽ 2-1നാണ് യുണൈറ്റഡിന്റെ ജയം. ഇരുപാദങ്ങളുമായി 4-3. ഈ തോൽവിയോടെ ബാഴ്സ പുറത്തായി.
ബാഴ്സയുടെ മൈതാനത്ത് നടന്ന ആദ്യപാദ മത്സരത്തിൽ ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു. ഇതോടെ രണ്ടാംപാദ മത്സരം ഇരുടീമിനും നിർണായകമായി. മത്സരത്തിൽ ആദ്യം ലീഡ് നേടിയത് ബാഴ്സയാണ്.
പതിനെട്ടാം മിനിറ്റിൽ പെനാൽറ്റി വലയിലെത്തിച്ച് റോബർട്ട് ലെവൻഡോസ്കി ബാഴ്സയെ മുന്നിലെത്തിച്ചു. എന്നാൽ ഫ്രെഡ് (47'), ആന്റണി (73') എന്നിവരിലൂടെ തിരിച്ചടിച്ച യുണൈറ്റഡ് പ്രീക്വാർട്ടർ ടിക്കറ്റ് സ്വന്തമാക്കി.