ജഗൻ സൈക്കോ ആണെന്ന് ചന്ദ്രബാബു നായിഡു
Thursday, February 23, 2023 7:42 PM IST
അമരാവതി: ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി സൈക്കോ ആണെന്ന് ആക്ഷേപിച്ച് തെലുങ്ക് ദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡു. ജഗൻ രക്തദാഹി ആണെന്നും വൈഎസ്ആർ കോൺഗ്രസ് സർക്കാരിനെ താഴെയിറിക്കണമെന്നും നായിഡു പ്രസ്താവിച്ചു.
അമരാവതിയിൽ മാധ്യമപ്രവർത്തകരുമായി സംവദിക്കുന്ന വേളയിലാണ് നായിഡു ഈ പരാമർശങ്ങൾ നടത്തിയത്. സംസ്ഥാനത്തെ മണൽക്ഷാമത്തെപ്പറ്റി വിശദീകരിക്കുന്ന വേളയിലാണ് റെഡ്ഡിക്കെതിരെ നായിഡു ആഞ്ഞടിച്ചത്.
സംസ്ഥാനത്ത് നിർമാണപ്രവർത്തികൾക്ക് മണൽ ലഭ്യമല്ല. സർക്കാർ മണൽ മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുകയാണ്. ഇതിൽ നിന്ന് ലഭിക്കുന്ന പണം മുഖ്യമന്ത്രി തട്ടിയെടുക്കുകയാണ്. ജനങ്ങളുടെ രക്തം കുടിക്കുന്ന സൈക്കോ ആണ് അയാൾ.
വൈഎസ്ആർ കോൺഗ്രസ് സർക്കാർ രാഷ്ട്രീയ എതിരാളികൾക്കെതിരെ വ്യാജ കേസുകൾ ചമയ്ക്കുകയാണെന്നും ജനാധിപത്യ ധ്വംസനം നടത്തുകയാണെന്നും നായിഡു ആരോപിച്ചു.