കാലുമാറി ശസ്ത്രക്രിയ: അന്വേഷണത്തിന് നിർദേശം
Thursday, February 23, 2023 5:44 PM IST
തിരുവനന്തപുരം: കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കാലുമാറി ശസ്ത്രക്രിയ നടത്തിയെന്ന പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആരോഗ്യമന്ത്രി വീണാ ജോർജ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകി. ഇടതുകാലിന്റെ അസ്ഥിക്ക് പൊട്ടലേറ്റ് ചികിത്സ തേടിയ വീട്ടമ്മയുടെ വലതുകാലിനാണ് ചികിത്സാസംഘം ശസ്ത്രക്രിയ നടത്തിയത്.
കക്കോടി സ്വദേശി സജ്നയാണ് ചികിത്സാപ്പിഴവിന് ഇരയായത്. ആശുപത്രിയിലെ ഓർത്തോപീഡിക്സ് വിഭാഗം മേധാവിയുടെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയയിലാണ് പിഴവ് സംഭവിച്ചത്.
അനസ്തേഷ്യ മരവിപ്പ് മാറിയ ശേഷം വലതുകാലിന് വേദന അനുഭവപ്പെട്ടത് സജ്ന ആരോഗ്യപ്രവർത്തകരെ അറിയിച്ചിരുന്നു. ഇത് പരിശോധിക്കാനായി കാൽ താഴെ വച്ച് നടക്കാൻ ശ്രമിച്ചപ്പോഴാണ് കാലുമാറി ശസ്ത്രക്രിയ നടത്തിയ വിവരം തിരിച്ചറിഞ്ഞത്.
ഇക്കാര്യം ഡോക്ടറോട് ചോദിച്ചെങ്കിലും, വലതുകാലിന് ബ്ലോക്ക് ഉണ്ടെന്നും അതിനാലാണ് ശസ്ത്രക്രിയ നടത്തിയതെന്നുമാണ് മറുപടി ലഭിച്ചത്. ചികിത്സാപ്പിഴവ് മനസിലായതോടെ ആശുപത്രി അധികൃതർ തെറ്റ് ഏറ്റുപറഞ്ഞു. എന്നാൽ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകണമെന്ന് സജ്നയുടെ കുടുംബം ആവശ്യപ്പെട്ടു.