ഗുണ്ടകളുടെ പരാജയം; മേയർ തെഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി കേജ്രിവാൾ
Wednesday, February 22, 2023 5:40 PM IST
ന്യൂഡൽഹി: ഡൽഹി മേയർ തെഞ്ഞെടുപ്പിൽ ആം ആദ്മി സ്ഥാനാർഥിയുടെ ജയത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്രിവാൾ.
ആം ആദ്മി സ്ഥാനാർഥി ഷെല്ലി ഒബ്റോയിയുടെ ജയം ജനാധിപത്യത്തിന്റെ വിജയമാണെന്നും തങ്ങൾ ഗുണ്ടകളെ പരാജയപ്പെടുത്തിയെന്നും കേജ്രിവാൾ പറഞ്ഞു. എഎപി-ബിജെപി തർക്കത്തെ തുടര്‍ന്ന് മൂന്ന് തവണ മാറ്റിവച്ച തെരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്.
ബിജെപിയുടെ രേഖ ഗുപ്തയെ ആണ് ഷെല്ലി പരാജയപ്പെടുത്തിയത്. ബിജെപി സ്ഥാനാർഥിക്ക് 116 വോട്ട് ലഭിച്ചപ്പോൾ ഷെല്ലിക്ക് 150 വോട്ടാണ് ലഭിച്ചത്.
തെരഞ്ഞെടുപ്പിൽ 250 വാർഡ് കൗൺസിലർമാരും ഏഴ് ലോക്സഭാ എംപിമാരും മൂന്ന് രാജ്യസഭാ എംപിമാരും 14 എംഎൽഎമാരും വോട്ട് രേഖപ്പെടുത്തി. കോൺഗ്രസ് കൗണ്‍സിലര്‍മാർ വിട്ടുനിന്നു.