ഡിവൈഎഫ്ഐ രാഷ്ട്രീയ സംഘടനയല്ലെന്ന് പറയാനാകില്ല: ഹൈക്കോടതി
Wednesday, February 22, 2023 10:55 AM IST
കൊച്ചി: ഡിവൈഎഫ്ഐ രാഷ്ട്രീയ സംഘടനയല്ലെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി. ഒറ്റപ്പാലം കടമ്പൂര് പൂക്കോട്ട് കാളികാവ് ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് ഡിവിഷന് ബെഞ്ച് ഇതു വ്യക്തമാക്കിയത്.
ട്രസ്റ്റിയായി തെരഞ്ഞെടുക്കപ്പെട്ട പങ്കജാക്ഷന് ഡിവൈഎഫ്ഐയുടെ മേഖലാ സെക്രട്ടറിയാണെന്നും വിജ്ഞാപന പ്രകാരം ഇത് അയോഗ്യതയാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചപ്പോള്‍ പങ്കജാക്ഷന് ഡിവൈഎഫ്ഐ ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ലെന്ന വാദമാണ് മറിച്ചുന്നയിച്ചത്. ഇതിനായി ഡിവൈഎഫ്ഐയുടെ ഭരണഘടനയുടെ കോപ്പിയും ഹാജരാക്കി.
ഡിവൈഎഫ്ഐ അംഗത്തിന് ഏതു പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാമെന്നു ഭരണഘടനയില്‍ പറയുന്നുണ്ടെന്നും വ്യക്തമാക്കി. എന്നാല്‍ ഇതുകൊണ്ട് ഡിവൈഎഫ്ഐക്ക് രാഷ്ട്രീയ നിറമില്ലെന്നു പറയാനാകില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടെങ്കിലും ഇല്ലെങ്കിലും സംഘടനയുടെ ഭരണഘടനയില്‍ നിന്ന് വ്യക്തമാകുന്നത് ഡിവൈഎഫ്ഐയുടെ പ്രവര്‍ത്തന മേഖല രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. തുടര്‍ന്നാണ് പങ്കജാക്ഷനും അയോഗ്യനാണെന്ന് വിലയിരുത്തിയത്.