ബംഗളൂരുവിൽ പിടിയിലായ പാക് യുവതിയെ നാടുകടത്തി
Wednesday, February 22, 2023 10:56 AM IST
ബംഗളൂരു: ഇന്ത്യക്കാരനെ രഹസ്യമായി വിവാഹം ചെയ്ത് ബംഗളൂരുവിൽ കഴിഞ്ഞുവന്നിരുന്ന പാക് യുവതിയെ നാടു കടത്തി.
കഴിഞ്ഞ മാസം പിടിയിലായ പാക്കിസ്ഥാനിലെ ഹൈദരാബാദ് സ്വദേശിനി ഇഖ്ര ജിവാനി (19)യെയാണ് പഞ്ചാബിലെ വാഗാ അതിർത്തിവഴി പാക്കിസ്ഥാനിലേക്ക് വിട്ടത്. ജിവാനിയെ സ്വകരിക്കാൻ ലോക്കൽ പോലീസും ഇവരുടെ മാതാപിതാക്കളും പാക് അതിർത്തിയിൽ എത്തിയിരുന്നു.
കോവിഡ് ലോക്ഡൗൺ കാലത്താണ് ഓൺലൈൻ ഗെയിം ആപ്പിലൂടെ ഉത്തർപ്രദേശ് സ്വദേശി മുലായംസിംഗ് യാദവിനെ(30) ജിവാനി പരിചയപ്പെട്ടത്. മൂന്നു വർഷത്തെ പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹിതരാകുവാൻ തീരുമാനിച്ചു.
ഇതിനായി യുവതി ദുബായ് വഴി നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലെത്തി. ബംഗളൂരുവിൽ നിന്ന് കാഠ്മണ്ഡുവിലെത്തിയ യാദവ്, നഗരത്തിലെ ഒരു ക്ഷേത്രത്തിൽ വച്ച് ജിവാനിയെ വിവാഹം ചെയ്തു.
തുടർന്ന് ബിഹാറിലെ നേപ്പാൾ അതിർത്തിയായ ബിർഗുഞ്ജിലൂടെ അതിർത്തിരക്ഷാസേനയെ വെട്ടിച്ച് ഇരുവരും ഇന്ത്യയിലേക്ക് കടക്കുകയും ബംഗളൂരുവിൽ താമസമാരംഭിക്കുകയുമായിരുന്നു. രവ യാദവ് എന്ന വ്യാജ പേരിൽ ജിവാനിക്ക് ആധാർകാർഡ് തരപ്പെടുത്തിയ യാദവ് ഇതേ പേരിൽ പാസ്പോർട്ടിനായി അപേക്ഷയും നൽകിയിരുന്നു.
തന്നെ നാട്ടിലേക്ക് വിടരുതെന്നും യാദവിനൊപ്പം ജീവിക്കാൻ അനുവദിക്കണമെന്നും ജിവാനി അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. വിവിധ കുറ്റങ്ങൾ ചുമത്തി അന്വേഷണം നേരിടുന്ന യാദവ് ജയിലിൽ കഴിയുകയാണ്.