ചിഹ്നത്തിൽ എന്ത് കാര്യം; പുതിയത് സ്വീകരിക്കൂവെന്ന് ഉദ്ധവിനോട് ശരദ് പവാർ
Saturday, February 18, 2023 12:32 PM IST
മുംബെെ: ശിവസേന എന്ന പേരും അന്പും വില്ലും ചിഹ്നവും ഏക്നാഥ് ഷിൻഡെ വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയതിന് പിന്നാലെ ഉദ്ധവ് താക്കറെയ്ക്ക് ഉപദേശവുമായി എൻസിപി നേതാവ് ശരദ് പവാർ.
ചിഹ്നവും പേരും നഷ്ടമായത് കാര്യമാക്കേണ്ടതില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം അംഗീകരിച്ച് പുതിയ ചിഹ്നവും പേരും കണ്ടെത്തി പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനുമാണ് ഉദ്ധവിന്റെ സഖ്യകക്ഷിയായ എൻസിപി നേതാവിന്റെ ഉപദേശം.
കോൺഗ്രസിനും പണ്ട് ചിഹ്നം നഷ്ടമായിട്ടുണ്ടെന്നും അവർ അത് കാര്യമാക്കാതെ പുതിയ ചിഹ്നം സ്വീകരിച്ചപ്പോൾ ജനങ്ങൾ അത് ഏറ്റെടുത്തെന്നും പവാർ കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ചയാണ് ശിവസേന എന്ന പേരും ചിഹ്നവും ഷിൻഡെ പക്ഷത്തിന് ഉപയോഗിക്കാം എന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചത്. ആറ് മാസം മുന്പ് ഷിൻഡെ പക്ഷം സമർപ്പിച്ച പരാതിയിലാണ് മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മീഷൻ ഐകകണ്ഠ്യേന തീരുമാനമെടുത്തത്.
പാർട്ടിയുടെ അവകാശത്തെച്ചൊല്ലി സുപ്രീം കോടതിയിൽ കേസ് നടക്കവേയാണ് കമ്മീഷന്റെ നടപടി.