സാങ്കേതിക പിഴവ്; ഇന്ത്യയെ ടെസ്റ്റിൽ ഒന്നാമത് എത്തിച്ചതിന് മാപ്പ് ചോദിച്ച് ഐസിസി
Friday, February 17, 2023 6:00 AM IST
ന്യൂഡൽഹി: ലോക ടെസ്റ്റ് റാങ്കിംഗിലെ പിഴവിന് ക്ഷമാപണം ചോദിച്ച് ഐസിസി. ഐസിസി ബുധനാഴ്ച പുറത്തുവിട്ട പുതിയ ടെസ്റ്റ് ടീം റാങ്കിംഗിൽ ഓസ്ട്രേലിയയെ മറികടന്നു ഇന്ത്യ ഒന്നാമത് എത്തിയിരുന്നു. നാലു മണിക്കൂറുകൾക്ക് ശേഷം ഓസ്ട്രേലിയയെ വീണ്ടും ഒന്നാം സ്ഥാനക്കാരായി ഐസിസി പ്രഖ്യാപിക്കുകയായിരുന്നു.
സാങ്കേതിക തകരാർ കാരണം റാങ്കിംഗിൽ പിഴവ് പറ്റിയെന്നാണ് ഐസിസിയുടെ വിശദീകരണം. സിംബാബ്വെ-വെസ്റ്റ് ഇന്ഡീസ് ടെസ്റ്റ് പരമ്പരയുടെ അവസാനത്തേയാണ് ഐസിസി പുതിയ റാങ്കിംഗ് പ്രഖ്യാപിച്ചിരുന്നത്.
115 റേറ്റിംഗ് പോയിന്റുമായി ഇന്ത്യ ഐസിസി പുരുഷ ടെസ്റ്റ് ടീം ഒന്നാം റാങ്കിലെത്തി എന്നായിരുന്നു ആദ്യ റിപ്പോർട്ട്. 111 പോയിന്റുമായി ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തും. ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിനു മുന്പ് ഓസ്ട്രേലിയയായിരുന്നു ലോക ഒന്നാം നന്പർ. എന്നാൽ, രാത്രി ഏഴരയോടെ ഐസിസി റാങ്കിംഗ് പട്ടിക പരിഷ്കരിച്ചു. ഓസ്ട്രേലിയയ്ക്ക് 126ഉം ഇന്ത്യക്ക് 115ഉം പോയിന്റായി അപ്പോൾ.
ഓസ്ട്രേലിയയ്ക്കെതിരായ നാല് മത്സര ടെസ്റ്റ് പരന്പര 3-0, 3-1 എന്നിങ്ങനെ സ്വന്തമാക്കിയാൽ ഇന്ത്യ ഒന്നാം റാങ്കിൽ എത്തുമെന്നതായിരുന്നു വാസ്തവം. ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് റേറ്റിംഗ് പോയിന്റിൽ ഒന്നാം സ്ഥാനത്തോടെ ഇന്ത്യക്ക് ഫൈനൽ ടിക്കറ്റ് കരസ്ഥമാക്കാനും അതോടെ സാധിക്കും.
2009 നവംബറിലാണ് ഇന്ത്യ ടെസ്റ്റ് റാങ്കിംഗിൽ ആദ്യമായി ഒന്നാം സ്ഥാനത്ത് എത്തിയത്. 2011 ഓഗസ്റ്റ് വരെ ഒന്നാം സ്ഥാനം തുടർന്നു. പിന്നീട് 2016 ജനുവരി, 2016 ഒക്ടോബർ, 2021 മാർച്ച്, 2021 ഡിസംബർ എന്നിങ്ങനെ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു.