പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി; ഇരയുടെ മൊഴി ഹാജരാക്കണമെന്ന് ഹൈക്കോടതി
Thursday, February 16, 2023 11:38 PM IST
കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യം പകര്‍ത്തിയ കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി നല്കിയ ജാമ്യഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ കേസില്‍ ഇരയായ നടിയുടെ മൊഴി മുദ്രവച്ച കവറില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി. ജസ്റ്റീസ് പി. വി. കുഞ്ഞികൃഷ്ണന് ആണ് മൊഴി ആവശ്യപ്പെട്ടത്. ജാമ്യ ഹര്‍ജി ഫെബ്രുവരി 27നു പരിഗണിക്കാനും മാറ്റി.
കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നടക്കുകയാണ്. ജനുവരി 31 നകം വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും ഇതു പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. തുടര്‍ന്ന് വിചാരണക്കോടതി കൂടുതല്‍ സമയം തേടി സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
നിശ്ചിത സമയത്തിനകം വിചാരണ പൂര്‍ത്തിയായില്ലെങ്കില്‍ പള്‍സര്‍ സുനിക്ക് ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാമെന്ന് കഴിഞ്ഞ ജൂലൈയില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പള്‍സര്‍ സുനി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.