വിശ്വനാഥന്റെ മരണം; നീതി തേടി മുഖ്യമന്ത്രിക്ക് രാഹുലിന്റെ കത്ത്
Thursday, February 16, 2023 5:21 PM IST
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയ കൽപ്പറ്റ പാറവയൽ കോളനിയിലെ വിശ്വനാഥന്റെ മരണത്തിൽ നീതി തേടി മുഖ്യമന്ത്രി പിണറായി വിജയന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കത്ത് നൽകി.
കേസിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
നേരത്തെ, ആത്മഹത്യാ കേസായി വിശ്വനാഥന്റെ മരണത്തെ കാണരുതെന്നും അന്വേഷണത്തിലെ പിഴവുകൾ പരിഹരിക്കണമെന്നും എസ്സി എസ്ടി കമ്മീഷൻ പോലീസിന് നിർദേശം നൽകിയിരുന്നു.
വിശ്വനാഥൻ മരിക്കുന്നതിന് മുമ്പ് ആശുപത്രി പരിസരത്ത് വച്ച് രണ്ട് പേരോട് സംസാരിക്കുന്നതും, പന്ത്രണ്ടോളം പേർ ചുറ്റും കൂടി നിൽക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പോലീസിന് കിട്ടിയിട്ടുണ്ട്.