ഫിലിപ്പീൻസിൽ 6.1 തീവ്രതയിൽ ഭൂചലനം; ഭയന്നോടി ജനങ്ങൾ
Thursday, February 16, 2023 7:55 AM IST
മനില: മധ്യ ഫിലിപ്പീൻസിലെ മാസ്ബേറ്റ് പ്രവിശ്യയിൽ വൻ ഭൂകമ്പം. റിക്ടര്‍ സ്കെയിലിൽ 6.1 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആര്‍ക്കും പരിക്കുകളില്ലെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച പുലർച്ചെ പ്രാദേശിക സമയം രണ്ടോടെയായിരുന്നു ഭൂകമ്പം.
മാസ്ബേറ്റിലെ മിയാഗയിൽ നിന്ന് 11 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ്ജിഎസ് അറിയിച്ചു. വന്‍ ഭൂചലനമാണ് ഉണ്ടായതെങ്കിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ടില്ല.
ശക്തമായ കുലുക്കമാണ് അനുഭവപ്പെട്ടതെന്ന് ഉസൺ പോലീസ് മേധാവി ക്യാപ്റ്റൻ റെഡൻ ടോലെഡോ പറഞ്ഞു. പരിഭ്രാന്തരായ ജനങ്ങള്‍ വീടുകളില്‍ നിന്നും ഇറങ്ങിയോടി. വീടുകളില്‍ തിരികെ പ്രവേശിക്കാനാവാതെ ഭയന്ന് വഴിയരികിലാണ് ഇപ്പോഴും ജനങ്ങൾ.
ഭൂകമ്പത്തിന് ഏകദേശം ഒരു മണിക്കൂറിന് ശേഷം ശക്തമായ തുടർചലനം അനുഭവപ്പെട്ടതായി പ്രാദേശിക ദുരന്ത നിവാരണ ഉദ്യോഗസ്ഥന് പറഞ്ഞു. എന്നാൽ പ്രദേശത്തെ കെട്ടിടങ്ങൾക്കും മറ്റ് കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി കാണുന്നില്ലെന്നും ദുരന്ത നിവാരണ ഉദ്യോഗസ്ഥന് കൂട്ടിച്ചേർത്തു.