ഷുഹൈബ് വധത്തിൽ സിപിഎമ്മിനു പങ്കില്ലെന്ന് എം.വി. ജയരാജൻ
Wednesday, February 15, 2023 9:09 PM IST
കണ്ണൂർ: ഷുഹൈബ് വധത്തിൽ പാർട്ടിക്കു പങ്കില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. മാപ്പ് സാക്ഷിയാകാനുള്ള ശ്രമമാണ് ആകാശ് തില്ലങ്കേരി നടത്തുന്നത്. ഏത് നേതാവാണ് കൊല നടത്താൻ ആവശ്യപ്പെട്ടതെന്ന് ആകാശ് പറയട്ടെ. ആകാശിനെതിരെ പോലീസ് അന്വേഷണം വേണമെന്നും പാർട്ടി ഒരു അന്വേഷണത്തെയും ഭയക്കുന്നില്ലെന്നും ജയരാജൻ പറഞ്ഞു.
ഏത് അന്വേഷണ ഏജൻസി അന്വേഷിക്കുന്നതിലും പാർട്ടിക്ക് വിയോജിപ്പില്ല. സിപിഎമ്മിന്റെ ആശയപ്രചരണത്തിന് ഒരു ക്വട്ടേഷൻ സംഘത്തിന്റെയും ആവശ്യമില്ലെന്നും ഉളുപ്പ് ഉണ്ടെങ്കിൽ പാർട്ടിയുടെ കൊടിയും ചിഹ്നവും ഇനി തില്ലെങ്കേരി ഉപയോഗിക്കില്ലെന്നും നാല് വർഷത്തിന് ശേഷം നടത്തിയ തുറന്ന് പറച്ചിൽ ദുരൂഹതയുണ്ടെന്നും ജയരാജൻ പറഞ്ഞു.
ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് കമന്റ് വിവാദമായിരുന്നു. സിപിഎമ്മിന് വേണ്ടി കൊലപാതകം നടത്തിയെന്ന ഗുരുതര വെളിപ്പെടുത്തലുമായി ഷുഹൈബ് വധക്കേസിലെ ഒന്നാംപ്രതിയായ ആകാശ് തില്ലങ്കേരി രംഗത്തെത്തിയത്. എടയന്നൂരിലെ സിപിഎം നേതാക്കളാണ് കൊലപാതകത്തിന് ആഹ്വാനം നൽകിയത്. എന്നാൽ ഇതിനു ശേഷം പാർട്ടി ഞങ്ങളെ കൈവിട്ടെന്നും തില്ലങ്കേരി ഫേസ്ബുക്ക് പോസ്റ്റിലെ കമന്റിൽ പറഞ്ഞു.
കൊലയ്ക്ക് ആഹ്വാനം ചെയ്തവർക്ക് സഹകരണ സ്ഥാപനങ്ങളിൽ ജോലി കിട്ടി. ഞങ്ങൾ പെരുവഴിയിലുമായി. പാർട്ടി തള്ളിയതോടെയാണ് സ്വർണക്കടത്ത് ക്വട്ടേഷനിലേക്ക് തിരിഞ്ഞത്. തെറ്റിലേക്ക് പോകാതെ തിരുത്താൻ പാർട്ടി ശ്രമിച്ചില്ല. ഞങ്ങൾ വാ തുറന്നാൽ പലർക്കും പുറത്തിറങ്ങി നടക്കാനാകില്ലെന്നും നേതാക്കളെ വെല്ലുവിളിച്ച് തില്ലങ്കേരി പറഞ്ഞു.
ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ എഫ്ബി പോസ്റ്റിലാണ് ആകാശിന്റെ കമന്റ് വന്നത്. ക്ഷമ നശിച്ചത് കൊണ്ടാണ് ഇപ്പോൾ ഇതൊക്കെ തുറന്നുപറയേണ്ടി വന്നതെന്നും ആകാശ് തില്ലങ്കേരി വ്യക്തമാക്കി.