വിശ്വനാഥന്റെ മരണം: പോലീസ് പുതിയ കേസെടുത്തു
Wednesday, February 15, 2023 6:47 PM IST
കോഴിക്കോട്: ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിൽ പോലീസ് പുതിയ കേസെടുത്തു. പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരമാണ് പോലീസ് കേസെടുത്തത്. അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് എസിപിക്ക് അന്വേഷണ ചുമതല.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ നിർണായക വിവരങ്ങൾ കിട്ടിയതോടെയാണ് എഫ്ഐആറിൽ പോലീസ് മാറ്റം വരുത്തിയത്. ആത്മഹത്യ കേസായി വിശ്വനാഥന്റെ മരണത്തെ കാണരുതെന്നും അന്വേഷണത്തിലെ പിഴവുകൾ പരിഹരിക്കണമെന്നും എസ്സിഎസ്ടി കമ്മീഷൻ പോലീസിന് നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെ കോഴിക്കോട് ഡിസിപി അന്വേഷണം ഏറ്റെടുത്തു.
കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെത്തിയ അദ്ദേഹം സിസിടിവി ദൃശ്യങ്ങൾ വീണ്ടും പരിശോധിച്ചു. വിശ്വനാഥൻ മരിക്കുന്നതിന് മുമ്പ് ആശുപത്രി പരിസരത്ത് വച്ച് രണ്ട് പേരോട് സംസാരിക്കുന്നതും, പന്ത്രണ്ടോളം പേർ ചുറ്റും കൂടി നിൽക്കുന്നതിന്റെയും ദൃശ്യങ്ങൾ പോലീസിന് കിട്ടിയിട്ടുണ്ട്.