മുഖ്യമന്ത്രിയുടെ സുരക്ഷയാണ് പ്രധാനം; പോലീസ് ഉദ്യോഗസ്ഥനെതിരേ നടപടി എടുക്കില്ലെന്ന് സൂചന
Tuesday, February 14, 2023 4:02 PM IST
കൊച്ചി: പുരുഷ പോലീസ് കെെയേറ്റം ചെയ്തു എന്ന കെഎസ്യു ജില്ലാ സെക്രട്ടറി മിവ ജോളിയുടെ പരാതിയിൽ ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കില്ലെന്ന് സൂചന. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്നും പ്രതിഷേധിച്ചവരെ തടഞ്ഞ ഉദ്യോഗസ്ഥന്റെ നടപടി സ്വഭാവികമാണെന്നുമാണ് പോലീസ് വിലയിരുത്തൽ.
വനിതാ പ്രവർത്തകയെ പുരുഷ പോലീസ് തടഞ്ഞതിനെതിരേ വ്യാപക പ്രതിഷേധമുയർന്നിരുന്നു. സംഭവം വിവാദമായതോടെ എറണാകുളം ഡിസിപി തൃക്കാക്കര എസിപിയോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു. തൃക്കാക്കര എസ്പിയുടെ റിപ്പോർട്ട് പോലീസ് ഉദ്യോഗസ്ഥന് അനുകൂലമാണെന്നാണ് റിപ്പോർട്ട്.
മുഖ്യമന്ത്രി പിണറായി വിജയന് നേരേ അങ്കമാലിയിൽ കരിങ്കൊടി വീശിയ മിവയെ പോലീസ് ഉദ്യോഗസ്ഥൻ ബലം പ്രയോഗിച്ചാണ് തടഞ്ഞത്. സംഭവത്തിൽ മുഖ്യമന്ത്രിക്കും പോലീസ് കമ്മീഷണർക്കും മിവ പരാതി നൽകിയിരുന്നു.