ആദിവാസി യുവാവിന്റെ മരണം: പോലീസ് റിപ്പോര്‍ട്ട് തള്ളി എസ്സി-എസ്ടി കമ്മീഷന്
Tuesday, February 14, 2023 8:34 PM IST
കോഴിക്കോട്: ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തില്‍ പോലീസ് റിപ്പോര്‍ട്ട് പൂര്‍ണമായി തള്ളി പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഇന്‍ക്വസ്റ്റ് നടത്താത്തത് വീഴ്ചയാണെന്ന് നിരീക്ഷിച്ച കമ്മീഷന്, നാല് ദിവസത്തിനകം പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പോലീസിനു നിര്‍ദേശം നല്കി.
ഇതൊരു സാധാരണ കേസായാണോ കണ്ടതെന്ന് കമ്മീഷന് ചോദിച്ചു. കോഴിക്കോട് കളക്ടറേറ്റില്‍ നടന്നപരാതി പരിഹാര അദാലത്തിനിടെയാണ് കമ്മീഷന് പരാമര്‍ശം. പട്ടികവര്‍ഗ പ്രമോട്ടറുടെ മൊഴിയെടുക്കണമെന്നും പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം തന്നെ കേസെടുക്കണമെന്നും പോലീസിനോട് കമ്മീഷന് ചെയര്മാന് ബി.എസ്.മാവോജി നിര്‍ദേശിച്ചു.
അസ്വാഭാവിക മരണത്തിന് മാത്രമായി കേസെടുക്കുന്നത് ശരിയല്ലെന്നും കമ്മീഷന് പറഞ്ഞു. ഒരാള്‍ വെറുതെ ആത്മഹത്യ ചെയ്യില്ലല്ലോ എന്നും കമ്മീഷന് ചോദിച്ചു. കറുത്ത നിറമുള്ള ആളുകളെ കാണുമ്പോള്‍ ഉള്ള മനോഭാവം മാറണം.
നിറം കറുപ്പായതിനാലും മോശം വസ്ത്രം ആയതിനാലും വിശ്വനാഥനെ ആളുകള്‍ കളിയാക്കി കാണും. ഇല്ലാത്തക്കുറ്റം ആരോപിച്ച് ആളുകള്‍ പീഡിപ്പിച്ചു കാണുമെന്നും കമ്മീഷന് നിരീക്ഷിച്ചു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നേരിട്ട് ഹാജരായ അസി. കമ്മീഷണറോടാണ് കമ്മീഷന്റെ നിര്‍ദേശം.
അതിനിടെ, കോഴിക്കോട് മെഡിക്കല്‍ കോളജിനു മുന്നില്‍ വച്ച് ആളുകള്‍ വിശ്വനാഥനെ ചോദ്യം ചെയ്തത് കണ്ടിരുന്നതായി ദൃക്സാക്ഷികളുടെ നിര്‍ണായക വെളിപ്പെടുത്തല്‍ പുറത്ത് വന്നു. ഇതിനു ശേഷമാണ് വിശ്വനാഥന് ആശുപത്രിയില്‍ നിന്നു പുറത്തേക്കോടിയതെന്നും സംഭവ ദിവസം ആശുപത്രിക്ക് പുറത്തുണ്ടായിരുന്ന കൂട്ടിരിപ്പുകാര്‍ പറഞ്ഞു.
വിശ്വനാഥന് ചുറ്റും ആളുകള്‍ കൂടി നില്ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കിട്ടിയിട്ടുണ്ട്. ദൃശ്യങ്ങളിലുളള ആളുകളെ കണ്ടെത്തി മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.