വിശ്വനാഥന്റെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകും
Monday, February 13, 2023 3:57 PM IST
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വയനാട് സ്വദേശി വിശ്വനാഥന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ അടിയന്തിര ധനസഹായം നൽകും. രണ്ട് ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.
വിശ്വനാഥന്റെ മരണത്തിൽ സർക്കാർ സമഗ്രവും നീതിയുക്തവുമായ അന്വേഷണം നടത്തുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു. സംഭവത്തെപ്പറ്റി കളക്ടറോടും എസ്പിയോടും വിശദമായ റിപ്പോർട്ട് മന്ത്രി ആവശ്യപ്പെട്ടു.
ശനിയാഴ്ചയാണ് മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപം വിശ്വനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രി ജീവനക്കാർ മോഷണക്കുറ്റം ആരോപിച്ച് വിശ്വനാഥനെ മർദിച്ചതായും ഇതാണ് ജീവനൊടുക്കാൻ കാരണമെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
ഭാര്യയുടെ പ്രസവത്തിനായി ആശുപത്രിയിലെത്തിയതായിരുന്നു വിശ്വനാഥൻ.