ഇന്ത്യയുടെ കായിക തലസ്ഥാനം; യുപിയെ പുകഴ്ത്തി കായികമന്ത്രി
Monday, February 13, 2023 12:33 PM IST
ലക്നോ: ഇന്ത്യയിലെ കായിക മേഖലയുടെ തലസ്ഥാനമായി ഉത്തർപ്രദേശ് മാറിയെന്ന് കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ. കായിക താരങ്ങൾക്ക് ശക്തമായ അടിത്തറ ഒരുക്കുന്ന സംസ്ഥാനമാണ് യുപിയെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.
യുപിയിൽ നടന്ന ആഗോള നിക്ഷേപ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ കായിക മേഖലയെ ഉൾപ്പെടുത്തിയതിനും സർക്കാരിനെ ഠാക്കൂർ അഭിനന്ദിച്ചു. മറ്റൊരു സംസ്ഥാനവും നിക്ഷേപക ഉച്ചകോടിയിൽ കായിക മേഖലയെ ഉൾപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാന കായിക യുവജനക്ഷേമ മന്ത്രി ഗിരീഷ് ചന്ദ്ര യാദവ്, ഒളിമ്പിക് ഗോൾഡ് മെഡൽ ജേതാവ് അഭിനവ് ബിന്ദ്ര, ഇന്ത്യൻ ക്രിക്കറ്റ് മുൻ താരം സുരേഷ് റെയ്ന തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.