പാക്കിസ്ഥാനിൽ മതനിന്ദ ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു
Saturday, February 11, 2023 10:57 PM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ലാഹോറിൽ മതനിന്ദ ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവിനെ ജനം പോലീസ് സ്റ്റേഷനിൽ വച്ച് മർദിച്ച് കൊലപ്പെടുത്തി. വാരിസ് ഇസാ എന്നയാളാണ് മരിച്ചത്.
വിശുദ്ധ ഖുറാനെ അപമാനിച്ചെന്ന് ആരോപിച്ച് ഇസയെ വാർബർട്ടനിലെ പോലീസ് സ്റ്റേഷനിൽ ലോക്കപ്പ് ചെയ്ത വേളയിലാണ് സംഭവം നടന്നത്. സ്റ്റേഷനിലേക്ക് കുതിച്ചെത്തിയ കുട്ടികളുൾപ്പെടെയുള്ള സംഘം, ഇസയെ വിവസ്ത്രനാക്കി മർദിച്ച് വഴിയിലൂടെ വലിച്ചിഴച്ചു. കടുത്ത മർദനമേറ്റ ഇയാൾ ഉടനടി മരണപ്പെട്ടു.
ഖുറാനിൽ തന്റെ മുൻ ഭാര്യയുടെ ചിത്രം പതിച്ച് ക്രിയകൾ നടത്തി ദുർമന്ത്രവാദം ആചരിച്ചെന്ന ആരോപണമാണ് ജനം ഇയാൾക്കെതിരെ ഉന്നയിച്ചത്. മതനിന്ദ കേസിൽ രണ്ട് വർഷം തടവുശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങിയ വേളയിലാണ് ഇസ വീണ്ടും പിടിയിലായത്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ അക്രമത്തെ അപലപിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷറീഫ് രംഗത്തെത്തി. ജനം നിയമം കൈയിലെടുക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ ഷറീഫ്, കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അറിയിച്ചു. സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സർക്കാർ സസ്പെൻഡ് ചെയ്തു.