അദാനി വിവാദം; റെഗുലേറ്ററി ബോർഡുകൾ ജാഗരൂകരെന്ന് കേന്ദ്രം
Saturday, February 11, 2023 6:17 PM IST
ന്യൂഡൽഹി: രാജ്യത്തെ നിക്ഷേപ - വ്യവസായ റെഗുലേറ്ററി സംവിധാനങ്ങൾ നിതാന്ത ജാഗ്രതയിലാണെന്നും അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൃത്യമായി നിരീക്ഷിക്കാനുള്ള അനുഭവസമ്പത്ത് അവയ്ക്കുണ്ടെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.
രാജ്യത്തെ റെഗുലേറ്ററി സംവിധാനങ്ങൾ എക്കാലവും ജാഗ്രത പുലർത്തുന്നുണ്ട്. സാമ്പത്തിക മേഖലയിലെ വിദഗ്ധരുൾപ്പെടുന്ന ഈ സംഘങ്ങൾക്ക് അദാനി വിഷയത്തിൽ കൃത്യമായ ധാരണയുണ്ട്. അദാനി ഗ്രൂപ്പ് ഓഹരി വിലയിൽ കൃത്രിമം കാണിച്ചെന്ന് ചൂണ്ടിക്കാട്ടി നൽകപ്പെട്ട പൊതുതാൽപര്യ ഹർജിയിന്മേൽ സുപ്രീം കോടതിയോട് സർക്കാർ എന്ത് മറുപടി ബോധിപ്പിക്കുമെന്ന് ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും മന്ത്രി പറഞ്ഞു.
വിവാദത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ നിക്ഷേപകരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കൂടുതൽ നപടികൾ വേണമെന്ന് സെക്യുരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയോട്(സെബി) സുപ്രീം കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
നിക്ഷേപതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് കൂടുതൽ ശക്തമായ ചട്ടക്കൂട് ഒരുക്കണമെന്നും ഇതിലേക്ക് നിർദേശങ്ങൾ നൽകാനായി പ്രത്യേക കമ്മിറ്റിയെ നിയമിക്കണമെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.