നിക്ഷേപതാൽപര്യ സംരക്ഷണത്തിന് പഠന കമ്മിറ്റി വേണമെന്ന് സുപ്രീം കോടതി
Friday, February 10, 2023 6:48 PM IST
ന്യൂഡൽഹി: അദാനി - ഹിൻഡെൻബെർഗ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ നിക്ഷേപകരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കൂടുതൽ നപടികൾ വേണമെന്ന് സെക്യുരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയോട്(സെബി) സുപ്രീം കോടതി.
നിക്ഷേപതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് കൂടുതൽ ശക്തമായ ചട്ടക്കൂട് ഒരുക്കണമെന്നും ഇതിലേക്ക് നിർദേശങ്ങൾ നൽകാനായി പ്രത്യേക കമ്മിറ്റിയെ നിയമിക്കണമെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
ഷോർട്ട് സെല്ലിംഗ് ഓഹരി വിപണിയിലെ സാധാരണ നടപടിയാണെന്നും ഇതിൽ ആർക്കും ഒരു പ്രശ്നവുമില്ലെന്നും കോടതി പറഞ്ഞു. എന്നാൽ സംഘടിതമായ രീതിയിൽ, വൻ തോതിൽ ഷോർട്ട് സെല്ലിംഗ് നടത്തിയാൽ കോടിക്കണക്കിന് രൂപയുടെ നഷ്ടം ഇന്ത്യൻ നിക്ഷേപകർക്ക് സംഭവിക്കാം. ഇത്തരം ഭീമമായ നഷ്ടങ്ങളിൽ നിന്ന് വിപണിയെ സംരക്ഷിക്കാൻ കൃത്യമായ ചട്ടക്കൂട് വേണമെന്നും കോടതി പറഞ്ഞു.
അദാനി ഗ്രൂപ്പ് ഓഹരി വിലയിൽ കൃത്രിമം കാണിച്ചെന്ന് കാട്ടി രണ്ട് പേർ നൽകിയ ഹർജി പരിഗണിച്ച വേളയിലാണ് കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്. കേസിൽ സെബിക്കായി സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത ഹാജരായി.