ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മികച്ച നിലവാരത്തിലേക്ക് ഉയരുന്നു: മന്ത്രി ആർ. ബിന്ദു
Thursday, February 9, 2023 6:31 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളും കോളജുകളും പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് മികച്ച മുന്നേറ്റമാണ് നടത്തികൊണ്ടിരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം കൂടുതൽ മെച്ചപ്പെട്ടു വരുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നതായും മന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.
2021ലെ കണക്കുകൾ പ്രകാരം, അക്രെഡിറ്റ് ചെയ്യപ്പെട്ട 45 സർക്കാർ കോളജുകളിൽ 17 കോളജുകൾ എ ഗ്രേഡും ഒരു കോളജ് എ പ്ലസ് ഗ്രേഡും കരസ്ഥമാക്കി. അക്രെഡിറ്റ് ചെയ്യപ്പെട്ട 185 സർക്കാർ എയ്ഡഡ് കോളജുകളിൽ 92 എണ്ണം എ ഗ്രേഡും, ഏഴെണ്ണം എ പ്ലസ് ഗ്രേഡും രണ്ടെണ്ണം എ പ്ലസ് പ്ലസ് ഗ്രേഡുകളും കരസ്ഥമാക്കി.
അക്രെഡിറ്റ് ചെയ്യപ്പെട്ട 60 സ്വാശ്രയ കോളജുകളിൽ 14 എണ്ണം എ ഗ്രേഡ് ഉള്ളവയാണ്. സർവകലാശാലകളിൽ, ഏഴു സർവകലാശാലകൾക്കു മാത്രമാണ് വാലിഡ് ആയ അക്രെഡിറ്റേഷൻ ഉണ്ടായിരുന്നത്. അഞ്ചു സർവകലാശാലകൾക്ക് എ ഗ്രേഡും, ഓരോന്നിനു വീതം ബി പ്ലസ് പ്ലസ് ഗ്രേഡും ബി ഗ്രേഡും ആയിരുന്നു ഉണ്ടായിരുന്നത്.
2023ലെ കണക്കുകൾ പ്രകാരം, നമ്മുടെ കോളജുകളിൽ 13 എണ്ണം രാജ്യത്തെതന്നെ ഏറ്റവും ഉയർന്ന ഗ്രേഡ് ആയ എ പ്ലസ് പ്ലസ് നേടി. 23 കോളജുകൾക്ക് എ പ്ലസും 41 കോളജുകൾക്ക് എ ഗ്രേഡും ലഭിച്ചു. സർവകലാശാലകളിൽ കേരള സർവകലാശാല എ പ്ലസ് പ്ലസും കാലിക്കറ്റ്, കാലടി, കൊച്ചി സർവകലാശാലകൾ എ പ്ലസ് ഗ്രേഡുകളും സ്വന്തമാക്കി. എംജി സർവകലാശാല റീ-അക്രെഡിറ്റെഷൻ നടപടികളുടെ അവസാന ഘട്ടത്തിലാണ്. കൂടാതെ നിരവധി സ്ഥാപനങ്ങൾ അക്രഡിറ്റേഷന് തയാറെടുക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.