ഏറ്റുമാനൂരിൽ പിടികൂടിയ പഴകിയ മീനിൽ രാസവസ്തുക്കളില്ലെന്ന് റിപ്പോർട്ട്
Tuesday, February 7, 2023 6:52 PM IST
തിരുവനന്തപുരം: കോട്ടയം ഏറ്റുമാനൂരിൽ നിന്ന് പിടികൂടിയ മൂന്ന് ടൺ പഴകിയ മീനിൽ രാസവസ്തുക്കളുടെ സാന്നിധ്യമില്ലെന്ന് റിപ്പോർട്ട്. തിരുവനന്തപുരത്തെ സർക്കാർ ലാബിൽ നടത്തിയ പരിശോധനയിലുടെയാണ് ഈ ഫലം വന്നത്. സംഭവത്തിൽ അട്ടിമറി നടന്നതായി ഏറ്റുമാനൂർ നഗരസഭ ആരോപിച്ചു.
മീനിൽ രാസവസ്തുക്കളുടെ സാന്നിധ്യമില്ലാത്തതിനാൽ ട്രക്കും ലോഡും വിട്ടുനൽകാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം. എന്നാൽ പഴകിയ മീൻ പൊതുജനങ്ങളുടെ ഉപയോഗത്തിനായി നൽകുന്നതിൽ സർക്കാർ തലത്തിൽ ഭിന്നാഭിപ്രായമുണ്ട്. ഇതിനാൽ കൂടുതൽ ആലോചനകൾക്ക് ശേഷം മാത്രം നടപടികൾ എടുക്കാനാണ് സർക്കാർ നീക്കം.
തിങ്കളാഴ്ചയാണ് തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയില്‍ നിന്ന് ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ മീന്‍ പിടികൂടിയത്. മുന്‍സിപ്പാലിറ്റി ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തിയത്. ഏറ്റുമാനൂരിലെ പ്രാദേശിക മാര്‍ക്കറ്റുകളില്‍ വില്‍പ്പനയ്ക്കെത്തിച്ച മീനാണ് പിടികൂടിയത്. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.