പ്രതികരിക്കാനില്ല; ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദത്തിൽ ചാണ്ടി ഉമ്മൻ
Monday, February 6, 2023 3:56 PM IST
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയറിയിച്ച് സഹോദരൻ അലക്സ് വി. ചാണ്ടി നടത്തിയ ആരോപണത്തിൽ പ്രതികരിക്കാനില്ലെന്ന് ചാണ്ടി ഉമ്മൻ. ഉമ്മൻ ചാണ്ടിക്ക് ഭാര്യയും മൂത്ത മകളും ചാണ്ടി ഉമ്മനും ചികിത്സ നിഷേധിക്കുന്നു എന്നായിരുന്നു സഹോദരന്റെ ആരോപണം.
എന്നാൽ പിതാവിന്റെ സഹോദരന്റെ ആരോപണത്തിന് മറുപടി പറയാൻ താനില്ലെന്നും കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണത്തിൽ കൂടുതലായി ഒന്നും ഇനിയും പറയാനില്ലെന്നും ചാണ്ടി പറഞ്ഞു.
കഴിഞ്ഞ 15 ദിവസമായി ഒരു ചികിത്സയും ഉമ്മൻ ചാണ്ടിക്ക് നൽകുന്നില്ലെന്നും സഹോദരനായതിനാൽ ഇതൊക്കെ കണ്ടുനിൽക്കാൻ വിഷമമുണ്ടെന്നുമായിരുന്നു അലക്സ് വി. ചാണ്ടി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. ഇളയ മകൾ അച്ചു ഉമ്മന് മാത്രമാണ് പിതാവിന് മികച്ച ചികിത്സ കിട്ടണമെന്ന് ആഗ്രഹമുള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തനിക്ക് ശരിയായ ആരോഗ്യപരിപാലനം ലഭിക്കുന്നില്ലെന്ന വാർത്തകൾ നിഷേധിച്ച് ഉമ്മൻ ചാണ്ടി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കുടുംബവും കോൺഗ്രസ് പാർട്ടിയും ഒപ്പമുണ്ടെന്നും തനിക്ക് ലഭിക്കുന്ന മികച്ച ചികിത്സയിൽ പൂർണ സംതൃപ്തനാണെന്നും അദ്ദേഹം ഫേസ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു.