വിദ്വേഷപ്രസംഗം; ബാബാ രാംദേവിനെതിരെ കേസ്
Sunday, February 5, 2023 9:08 PM IST
ജയ്പൂർ: മതസ്പർധയുണ്ടാക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയതിന് യോഗാ ഗുരു ബാബാ രാംദേവിനെതിരെ രാജസ്ഥാൻ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ബാർമറിലെ പൊതുയോഗത്തിൽ നടത്തിയ ന്യൂനപക്ഷവിരുദ്ധ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ഭൂരിപക്ഷ സമുദായത്തിൽപ്പെട്ടവരെ മതംമാറ്റത്തിന് പ്രേരിപ്പിക്കുകയും സ്ത്രീകളെ തട്ടിക്കൊണ്ട് പോവുകയും ചെയ്യുക എന്നതാണ് ന്യൂനപക്ഷങ്ങളുടെ നയമെന്നതടക്കമുള്ള രാംദേവിന്റെ പ്രസ്താവനകൾ വിവാദമായിരുന്നു.
രണ്ട് വിഭാഗങ്ങൾ തമ്മിൽ കലഹം സൃഷ്ടിക്കുന്ന പരാമർശങ്ങൾ നടത്തുക, മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഐപിസി 153 എ, 295 എ, 298 എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.