ബലൂൺ പൊട്ടിച്ച് അമേരിക്ക; അതിരുകടന്ന നടപടിയെന്ന് ചൈന
Sunday, February 5, 2023 2:33 PM IST
ബെയ്ജിംഗ്: വ്യോമാതിർത്തി ലംഘിച്ച ബലൂൺ അമേരിക്ക വെടിവച്ചിട്ട സംഭവത്തിൽ പ്രതികരണവുമായി ചൈന. അമേരിക്കൻ നടപടിയിൽ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നതായി ചൈന പറഞ്ഞു. സംഭവത്തിൽ ആവശ്യമായ പ്രതികരണം നടത്തുമെന്നും ചൈന അറിയിച്ചു.
കാലാവസ്ഥാ ഗവേഷണത്തിന്റെ ഭാഗമായ സിവിലിയൻ എയർക്രാഫ്റ്റ് വെടിവച്ചിട്ടത് അന്താരാഷ്ട്ര കീഴ്വഴക്കങ്ങളുടെ ലംഘനമാണ്. അമേരിക്കയുടെ ഭാഗത്തുനിന്നുള്ള അതിരുകടന്ന നടപടിയാണാണെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച രാവിലെ പ്രസ്താവനയിൽ പറഞ്ഞു.
ശനിയാഴ്ചയാണ് അമേരിക്ക ബലൂൺ വെടിവച്ചിട്ടത്. സൗത്ത് കരോലിന തീരത്തിനടുത്ത് വച്ചാണ് ബലൂണ്‍ വെടിവച്ച് വീഴ്ത്തിയത്. പ്രസിഡന്റ് ജോ ബൈഡൻ അനുമതി നൽകിയതിനെ തുടർന്ന് യുദ്ധ വിമാനങ്ങളിലെ മിസൈല്‍ ഉപയോഗിച്ചാണ് വെടിവച്ചത്. ബലൂൺ വീണ്ടെടുക്കാനുള്ള ശ്രമ ങ്ങൾ നടന്നുവരികയാണ്.
ബലൂൺ വെടിവെച്ച് വീഴ്ത്തുന്നതിന് മുമ്പ്, ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ നോർത്ത് കരോലിനയിലെ വിൽമിംഗ്ടൺ, സൗത്ത് കരോലിനയിലെ ചാൾസ്റ്റൺ, സൗത്ത് കരോലിനയിലെ മർട്ടിൽ ബീച്ച് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസ് റദ്ദാക്കി.