ആരും "അടുപ്പിക്കാത്ത' വിമാനവാഹിനിയെ ബ്രസീൽ കടലിൽ താഴ്ത്തി
Saturday, February 4, 2023 8:24 PM IST
ബ്രസിലീയ: നാശത്തിന്റെ വക്കിലെത്തിയ സ്വന്തം വിമാനവാഹിനി കപ്പൽ അറ്റ്ലാന്റിക് സമുദ്രത്തിൽ മുക്കിതാഴ്ത്തി ബ്രസീൽ. പാരിസ്ഥിതിക പ്രശ്നമുണ്ടാക്കുമെന്ന കാരണത്താൽ തീരത്തടുപ്പിക്കാൻ ഒരു രാജ്യവും അനുവദിക്കാതിരുന്ന "സാവോ പോളോ' എന്ന വിമാനവാഹിനിയാണ് ബ്രസീൽ കടലിൽ മുക്കിയത്.
ഫ്രഞ്ച് നിർമിത യാനമായ സാവോ പോളോ 873 അടി നീളമാണുള്ളത്. ബ്രസീലിയൻ തീരത്ത് നിന്ന് 550 കിലോമീറ്റർ അകലെ, കടലിൽ 16,000 അടി താഴ്ചയിലേക്കാണ് കപ്പൽ താഴ്ത്തിയത്.
ആസ്ബറ്റോസും ഹാനികരമായ ലോഹഭാഗങ്ങളുമുള്ള കപ്പൽ കടലിൽ താഴ്ത്തുന്നത് പ്രകൃതിക്ക് ദോഷകരമാണെന്ന് പരിസ്ഥിതിവാദികൾ ആരോപിച്ചിരുന്നു. ഈ പ്രതിഷേധങ്ങളെല്ലാം അവഗണിച്ചാണ് ബ്രസീൽ വിമാനവാഹിനിക്ക് ജലസമാധി നൽകിയത്.
1950-കൾ മുതൽ അന്പത് വർഷത്തോളം ഫ്രഞ്ച് നാവികപടയ്ക്കായി ലോകമെമ്പാടുമുള്ള ദൗത്യങ്ങളിൽ പങ്കാളിയായ ഫോച്ച് എന്ന കപ്പലാണ് പിന്നീട് സാവോ പോളോ ആയത്. 12 മില്യൺ ഡോളർ മുടക്കി 2000-ത്തിലാണ് ബ്രസീൽ വിമാനവാഹിനി സ്വന്തമാക്കിയത്.
ഉപയോഗരഹിതമായ കപ്പൽ പൊളിച്ചുനീക്കാൻ തുർക്കിഷ് കമ്പനിക്ക് ബ്രസീൽ കരാർ നൽകിയിരുന്നു. എന്നാൽ തുർക്കിയിലെ പരിസ്ഥിതി സംഘടനകളുടെ എതിർപ്പ് മൂലം ഈ നീക്കം പരാജയപ്പെട്ടിരുന്നു.
തുടർന്ന് നടത്തിയ പഠനത്തിനൊടുവിൽ, കപ്പൽ തങ്ങളുടെ തീരത്ത് അടുത്താൽ പാരിസ്ഥിതിക ദോഷമുണ്ടാകുമെന്ന് തിരിച്ചറിഞ്ഞ ബ്രസീൽ, സാവോ പോളോയെ എന്നേക്കുമായി കടലിൽ താഴ്ത്താൻ തീരുമാനിക്കുകയായിരുന്നു.