വാണി ജയറാമിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
Saturday, February 4, 2023 8:06 PM IST
തിരുവനന്തപുരം: പ്രശസ്ത ഗായിക വാണി ജയറാമിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഭാവാത്മകമായ ആലാപനത്തിലൂടെ സംഗീതാസ്വാദകരുടെ മനസിൽ മായാത്ത ഇടം നേടിയ പ്രതിഭയാണ് വാണി ജയറാമെന്നു മുഖ്യമന്ത്രി പറഞ്ഞു.
ശാസ്ത്രീയ - ചലച്ചിത്ര സംഗീത രംഗങ്ങളിൽ ശബ്ദമാധുര്യം കൊണ്ട് അനശ്വരതയാർജ്ജിച്ച വാണി ജയറാം തമിഴ്, കന്നട, മലയാളം, ഹിന്ദി സിനിമകളിലായി പതിനായിരത്തോളം ചലച്ചിത്ര ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
മലയാളഭാഷ അതിന്റെ തനിമയോടെ ഉച്ചരിക്കുന്നതിൽ വാണി ജയറാം കാട്ടിയ ശ്രദ്ധ പിൽക്കാല ഗായകർക്കൊക്കെയും മാതൃകയാണ്. ഗാനാലാപനത്തിനുള്ള ദേശീയ അവാർഡും വിവിധ സംസ്ഥാനങ്ങളുടെ അവാർഡുകളും നേടിയിട്ടുള്ള വാണി ജയറാമിനോട് മലയാള ചലച്ചിത്ര സംഗീതാസ്വാദകർക്ക് സവിശേഷമായ താല്പര്യം തന്നെ എന്നുമുണ്ടായിരുന്നു. അത് മരണാനന്തരവും തുടരുക തന്നെ ചെയ്യും.
ദുഃഖകരമായ ആ വേർപാടിനുശേഷവും വാണി ജയറാം മധുരതരമായ അവരുടെ ഗാനങ്ങളിലൂടെ ആസ്വാദക മനസുകളിൽ ജീവിക്കും. മുഹമ്മദ് റാഫി മുതൽക്കിങ്ങോട്ട് ഏറ്റവും പുതിയ തലമുറയിലെ ഗായകരോടൊപ്പം വരെ പല പതിറ്റാണ്ടുകളിലായി അവർ പാടി.
വാണി ജയറാം മലയാളിയല്ല എന്ന് ചിന്തിക്കാനുള്ള പഴുതുപോലും കൊടുക്കാത്ത മലയാളിത്തമുള്ള സ്വരത്തിലാണ് ശ്രുതിശുദ്ധിയോടെ അവർ പാടിയത്. വാണി ജയറാമിന്റെ വിയോഗം ഇന്ത്യൻ സംഗീതലോകത്തിന്റെ നഷ്ടമാണ്.
വാണി ജയറാമിന്റെ സ്മരണയ്ക്കുമുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതായും കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.