അത്ലറ്റിക്സ് സ്കൂളിൽ ലഹരിസംഘം അതിക്രമിച്ച് കയറുന്നതായി പി.ടി. ഉഷ
Saturday, February 4, 2023 8:02 PM IST
കോഴിക്കോട്: ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സ് പരിസരത്ത് സാമൂഹ്യവിരുദ്ധർ അതിക്രമിച്ച് കയറുന്നതായി ഒളിംപ്യൻ പി.ടി. ഉഷ. തന്റെ അനുവാദമില്ലാതെ സ്കൂൾ പരിസരത്ത് പനങ്ങാട് പഞ്ചായത്തിന്റെ അനുമതിയോടെന്ന പേരിൽ ചിലർ നിർമാണ പ്രവർത്തനങ്ങൾ നടത്തിയതായും ഉഷ പരാതിപ്പെട്ടു.
ചുറ്റുമതിലില്ലാത്ത സ്കൂൾ പരിസരത്ത് പ്രണയിതാക്കളും സാമൂഹ്യവിരുദ്ധരും അതിക്രമിച്ച് കയറുന്നതും ഓടകളിൽ മാലിന്യം ഇടുന്നത് പതിവാണെന്നും ഉഷ പറഞ്ഞു. രാത്രികാലങ്ങളിൽ ലഹരിസംഘങ്ങൾ പ്രദേശത്ത് തമ്പടിക്കുന്നത് സ്കൂളിലെ വിദ്യാർഥിനികളുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്.
പോലീസിൽ പരാതി നൽകിയപ്പോൾ മാത്രമാണ് അനധികൃത നിർമാണം നിർത്തിവച്ചത്. വിഷയത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അധികൃതർ കാര്യക്ഷമമായി ഇടപെടണമെന്നാണ് അഭ്യർഥനയെന്നും ഉഷ പറഞ്ഞു.