സ്വപ്നരാഗം പോലെ വാണി
Saturday, February 4, 2023 5:44 PM IST
കണ്ഠനാളത്തിലെ ചില നാദങ്ങൾ ഈശ്വരൻ സ്വന്തം കൈകൊണ്ടുതന്നെ തീർക്കുന്നതാണ്. കാലത്തിന്റെ കൊടുംപ്രഹരങ്ങൾക്ക് അതുകൊണ്ടുതന്നെ ആ സ്വരമാധുര്യത്തെ തൊടാൻ പോലും കഴിയില്ല. അത്തരത്തിലൊരു നാദമാണ് പിന്നണിഗായിക വാണി ജയറാമിന്റെത്. 1973ൽ "സ്വപ്നം' എന്ന ചിത്രത്തിനുവേണ്ടി "സൗരയുഥത്തിൽ...' എന്ന ഗാനം പാടിയാണ് മലയാള സിനിമാലോകത്തേക്കുള്ള വാണിയുടെ പ്രവേശം.
"സീമന്തരേഖയിൽ..., വാൽകണ്ണെഴുതി വനപുഷ്പം ചൂടി..., കരുണ ചെയ്വാൻ എന്തു താമസം..., ആഷാഡമാസം... അങ്ങനെ എത്രയോ മലയാളം സൂപ്പർ ഹിറ്റുകൾ... മലയാളം, തമിഴ്, മറാത്തി, തെലുങ്ക്, ബംഗാളി, കന്നഡ, ഗുജറാത്തി, ഒറിയ തുടങ്ങി 19 ഇന്ത്യൻ ഭാഷകളിൽ പാടിയിട്ടുള്ള വാണി ജയറാം വടക്കുകിഴക്കൻ സംഗീതരംഗത്തെ എല്ലാ സംഗീത അതികായൻമാർക്കുമൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
മലയാളം, ബംഗാളി, ഹിന്ദി ഉൾപ്പെടെയുള്ള സിനിമകളിൽ പാടിയ ആദ്യഗാനം സൂപ്പർ ഹിറ്റായ ചരിത്രവും വാണിക്കു സ്വന്തം. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് മൂന്നു തവണ (അപൂർവരാഗങ്ങൾ–തമിഴ്), (ശങ്കരാഭരണം, സ്വാതികിരണം–തെലുങ്ക്) നേടിയിട്ടുള്ള വാണിജയറാമിനെ തേടി ഗുജറാത്ത്, ഒറീസ, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായിക അവാർഡുകളും എത്തിയിട്ടുണ്ട്.
തമിഴ്നാട്ടിലെ വെല്ലൂരിൽ ജനിച്ച വാണി ജയറാം കുട്ടിയായിരിക്കെയാണ് ചെന്നൈയിലേക്കു കുടുംബം മാറുന്നത്. ജയറാമുമായുള്ള വിവാഹശേഷം നീണ്ടകാലം മുംബൈയിലായിരുന്നു. പിന്നീട് ചെന്നൈയിൽ സ്ഥിരതാമസമാക്കി.