ചൈനീസ് ചാര ബലൂൺ: ബ്ലിങ്കന്റെ സന്ദർശനം മാറ്റിവച്ച് യുഎസ്
Saturday, February 4, 2023 1:16 PM IST
വാഷിംഗ്ടൺ: യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ചൈനാ സന്ദർശനം മാറ്റിവച്ച് യുഎസ്. യുഎസ് വ്യോമാതിര്‍ത്തിയില്‍ സംശയാസ്പദമായ വിധത്തില്‍ ചൈനയുടെ ചാര ബലൂൺ കണ്ടെത്തിയിനെത്തുടർന്നാണ് തീരുമാനം.
നിലവിൽ ചൈനാ സന്ദർശനത്തിന് അനുയോജ്യമായ സമയമല്ലെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ ഉന്നത ഉദ്യോഗസ്ഥൻ പ്രതികരിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ വർഷം നടത്തിയ ചർച്ചയുടെ തുടർച്ചയായാണ് ബ്ലിങ്കൻ ചൈന സന്ദർശിക്കാനിരുന്നത്.
യുഎസിന്റെ വടക്കൻ മേഖലയ്ക്കു മുകളിലൂടെയാണ് ദുരൂഹസാഹചര്യത്തിൽ ചൈനീസ് ചാര ബലൂൺ നീങ്ങുന്നത്. ബലൂൺ വെടിവച്ചിടുന്നത് ഉൾപ്പെടെയുള്ള സാധ്യതകളെക്കുറിച്ച് ജോ ബൈഡൻ പ്രതിരോധ വിഭാഗവുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ വെടിവച്ചിട്ടാൽ അവശിഷ്ടങ്ങൾ പതിച്ച് ജീവപായം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ആ നീക്കം ഉപേക്ഷിച്ചു.
അന്താരാഷ്ട്ര നിയമത്തിന്റെ വ്യക്തമായ ലംഘനമാണിത്. രഹസ്യങ്ങള്‍ ചോർത്തുന്നതിനുള്ള ചൈനയുടെ നീക്കമാണിതെന്നാണ് യുഎസിന്റെ ആരോപണം. നിലവിൽ ഈ ചാര ബലൂൺ നിയന്ത്രിത വ്യോമ മേഖലയ്ക്കു പുറത്തായതിനാൽ ജനത്തിന് ഭീഷണി സൃഷ്ടിക്കുന്നില്ലെന്നാണ് അധികൃതർ പറയുന്നത്.
അതേസമയം, യുഎസ് വ്യോമാതിർത്തിക്കുള്ളിൽ ചൈനീസ് ചാര ബലൂൺ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ചൈനീസ് അധികൃതർ പ്രതികരിച്ചു.