അങ്കണവാടി പ്രവർത്തകർക്കായി അങ്കണം ഇൻഷ്വറൻസ്
Friday, February 3, 2023 7:43 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടി പ്രവർത്തകർക്കായി ആക്സിഡന്റ് ഇൻഷ്വറൻസും ലൈഫ് ഇൻഷ്വറൻസും ഉൾപ്പെടുത്തി അങ്കണം എന്ന പേരിൽ പദ്ധതി പ്രഖ്യാപിച്ചു. വാർഷിക പ്രീമിയം 360 രൂപാ നിരക്കിൽ അപകടമരണത്തിന് രണ്ടു ലക്ഷം രൂപയും ആത്മഹത്യ അല്ലാതെയുള്ള മറ്റ് മരണങ്ങൾക്ക് ഒരു ലക്ഷം രൂപയും ഇൻഷ്വറൻസ് പരിരക്ഷ അങ്കണത്തിലൂടെ ഉറപ്പുവരുത്തുമെന്നു ധനകാര്യമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ വ്യക്തമാക്കി.
കൂടാതെ സർക്കാർ, അർധസർക്കാർ, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കായി നിലവിൽ ഇൻഷ്വറൻസ് വകുപ്പ് നടപ്പിലാക്കിയിട്ടുള്ള ജിപിഎഐഎസ് അപകട ഇൻഷ്വറൻസ് പദ്ധതിയിലെ അപകടം മൂലമുള്ള മരണത്തിനുള്ള പരിരക്ഷ 10 ലക്ഷം രൂപയിൽ നിന്ന് 15 ലക്ഷമായി ഉയർത്തി.
അല്ലാതെയുള്ള മരണത്തിന് സമാശ്വാസമായി അഞ്ചുലക്ഷം രൂപയുടെ അധിക പരിരക്ഷ ഉറപ്പുവരുത്തുകയും ചെയ്യും. ഇതിനായി നിലവിലെ പ്രീമിയം 500 രൂപയിൽ നിന്ന് 1000 രൂപയായി ഉയർത്തും. ജിപിഎഐഎസ് പദ്ധതി പരിഷ്കരിച്ച് ജീവൻ രക്ഷ എന്നപുതിയ പദ്ധതിയായി മാറ്റിയതായും ധനമന്ത്രി വ്യക്തമാക്കി.