അഖിലേഷ് യാദവിന്റെ വാഹനവ്യൂഹത്തിൽ കൂട്ടയിടി; ആറ് പേർക്ക് പരിക്ക്
Friday, February 3, 2023 6:09 PM IST
ലക്നോ: ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവിന്റെ വാഹനവ്യൂഹത്തിലെ ഏഴ് കാറുകൾ കൂട്ടിയിടിച്ചു. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. അഖിലേഷിന് പരിക്കുകളില്ല.
ഇന്ന് ഉച്ചയ്ക്ക് ഹാർദോയ് ജില്ലയിൽ വച്ചാണ് സംഭവം നടന്നത്. ഹർപൽപൂരിലെ ഫർഹത് നഗർ റെയിൽവേ ക്രോസിന് സമീപത്തുള്ള സ്പീഡ് ബ്രേക്കർ കണ്ടയുടൻ വാഹനവ്യൂഹത്തിലെ ഒരു എസ്യുവി ബ്രേക്കിട്ടതാണ് അപകടത്തിന് കാരണം. വേഗത്തിൽ സഞ്ചരിക്കുകയായിരുന്ന വ്യൂഹത്തിലെ മറ്റ് ആറ് വാഹനങ്ങൾ ഒന്നിന് പിറകെ ഒന്നായി ഇടിച്ചുകയറി.
അഖിലേഷ് സഞ്ചരിച്ചിരുന്ന വാഹനം അപകചടത്തിൽപ്പെട്ടില്ലെന്നും പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു.