കലാസാംസ്കാരിക വികസനത്തിന് 183.14 കോടി; എകെജി മ്യൂസിയത്തിന് ആറു കോടി
Friday, February 3, 2023 11:17 AM IST
തിരുവനന്തപുരം: കലാസാംസ്കാരിക വികസനത്തിനായി 183.14 കോടി രൂപ വകയിരുത്തി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കലാകാരൻമാർക്ക് നൽകുന്ന സഹായം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ നൽകുന്ന ഫെലോഷിപ്പുകളുടെ എണ്ണം വർധിപ്പിക്കും. കണ്ണൂർ പെരളശ്ശേരിയിലെ എകെജി മ്യൂസിയത്തിന് ആറു കോടി രൂപ അനുവദിച്ചു.
യുവകലാകാരൻമാർക്കുള്ള വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിക്കായി 13കോടി രൂപ വകയിരുത്തി. പുരാവസ്തു വകുപ്പിന് 20.9കോടി രൂപയും മ്യൂസിയം സൂ ഡയറക്ടറേറ്റിന് 28.75 കോടി രൂപയും സാംസ്കാരിക വകുപ്പിന്റെ പ്രവർത്തനങ്ങൾക്കായി 13.29കോടി രൂപയും അനുവദിച്ചു.
ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ കീഴിൽ കോട്ടയത്തും ചാലക്കുടിയിലും സ്ഥാപിക്കുന്ന പ്ലാനറ്റോറിയങ്ങളുടെ നിർമാണം അതിവേഗം പൂർത്തീകരിക്കും. ജില്ല പൈതൃക മ്യൂസിയങ്ങൾ സ്ഥാപിക്കുന്നതിന് 10.5കോടി രൂപ വകയിരുത്തി.